...
Home News National ബിൽക്കിസ് ബാനോവിന് നീതികിട്ടി എന്ന് വെറുതെ പറഞ്ഞാൽ അതിന്റെ ആഴം എല്ലാവർക്കും മനസിലാകണമെന്നില്ല

ബിൽക്കിസ് ബാനോവിന് നീതികിട്ടി എന്ന് വെറുതെ പറഞ്ഞാൽ അതിന്റെ ആഴം എല്ലാവർക്കും മനസിലാകണമെന്നില്ല

മരിച്ചെന്ന് കരുതി ആ ജന്തുക്കൾ റോഡിലുപേക്ഷിച്ച് പോയ ബിൽക്കിസ് പിന്നീട് ഉയിർത്തെഴുന്നേറ്റു. പതിനേഴ് വർഷം നിയമ പോരാട്ടം നടത്തി. അവരെ അഴിക്കുള്ളിലാക്കി.

286

| സുധീഷ് സുധാകരൻ

2016ൽ നടന്ന നോട്ട് നിരോധനം എന്താണെന്ന് പോലും ഓർമയില്ലാത്ത റീൽസ് യുഗത്തിലാണ് നാം ജീവിക്കുന്നത്. ബിൽക്കിസ് ബാനോവിന് നീതികിട്ടി എന്ന് വെറുതെ പറഞ്ഞാൽ അതിന്റെ ആഴം എല്ലാവർക്കും പിടികിട്ടിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചും പുതുതലമുറയ്ക്ക്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ നേർചിത്രമാണ് ബിൽക്കിസ് ബാനോ കേസ്. മനക്കട്ടിയുള്ളവർ മാത്രം ബാക്കി വായിക്കുക:

കലാപബാധിത പ്രദേശത്ത് നിന്ന് ഒരു ട്രക്കിൽ രക്ഷപ്പെടുകയായിരുന്നു ബിൽക്കിസിന്റെ കുടുംബം. വാളുകളും കഠാരകളും കുറുവടികളുമായെത്തിയ സംഘപരിവാർ ഭീകരർ ആ ട്രക്ക് വളഞ്ഞു. പത്തൊൻപതുകാരിയായ ബിൽക്കിസിന്റെ കണ്മുന്നിൽ കൊല്ലപ്പെട്ടത് തന്റെ കുടുംബത്തിലെ 14 പേരാണ്. ഇതിനിടയിൽ തന്റെ മൂന്നുവയസുകാരിയായ മകൾ സാലിഹയെയും വാരിപ്പിടിച്ച് ഗർഭിണിയായ ബിൽക്കിസ് ഓടി. പിന്നാലെ ഓടിയെത്തിയ ഹിന്ദുത്വ ഭീകരർ സാലിഹ എന്ന ആ പിഞ്ചുകുഞ്ഞിനെ തട്ടിപ്പറിച്ച് കാലിൽ തൂക്കിയെടുത്ത് ടാർ റോഡിലടിച്ചു. തലതകർന്ന് ആ കുഞ്ഞ് മരിച്ചു. ശേഷം അവന്മാർ ഓരോരുത്തരായി അഞ്ചുമാസം ഗർഭിണിയായ ബിൽക്കിസിനെ ബലാൽസംഗം ചെയ്തു. അവരിൽ ബിൽക്കിസിന്റെ ബാപ്പയെ ചികിൽസിച്ചിരുന്ന ഡോക്ടറുടെ മകൻ, വീടിനടുത്ത് ഹോട്ടലും ബാംഗിൾ ഷോപ്പും നടത്തിയിരുന്നവർ ഒക്കെ ഉണ്ടായിരുന്നു. എന്നും കാണുന്നവർ!

മരിച്ചെന്ന് കരുതി ആ ജന്തുക്കൾ റോഡിലുപേക്ഷിച്ച് പോയ ബിൽക്കിസ് പിന്നീട് ഉയിർത്തെഴുന്നേറ്റു. പതിനേഴ് വർഷം നിയമ പോരാട്ടം നടത്തി. അവരെ അഴിക്കുള്ളിലാക്കി. ഗുജറാത്ത് സർക്കാരിന് കീഴിൽ നീതി ലഭിച്ചിരുന്നില്ല. ലോക്കൽ പൊലീസ് കേസ് പോലും രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഹർജിയിൽ സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. മഹാരാഷ്ട്രയിലായിരുന്നു വിചാരണ നടന്നത്.

മഹാരാഷ്ട്ര ഹൈക്കോടതി 2017ൽ ആ കൊടും ക്രിമിനലുകളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു. എന്നാൽ 2022 ഓഗസ്റ്റിൽ ഇവരുടെ ശിക്ഷ ഇളവ് ചെയ്ത് ഗുജറാത്ത് സർക്കാർ അവരെ പുറത്തു വിട്ടു. ഈ നടപടിയാണിപ്പോൾ സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. ബിൽക്കിസിനെപ്പോലുള്ളവരുടെ കണ്ണീരിലും സാലിഹയെപ്പോലുള്ള കുഞ്ഞുങ്ങളുടെ കട്ടച്ചോരയിലും കെട്ടിപ്പൊക്കിയതാണ് നാം കാണുന്ന ബിജെപി ഭരണവും മോദിയെന്ന ഫിഗറും. കോൺഗ്രസ് പോകണമോ വേണ്ടയോ എന്ന് ശങ്കിച്ച് നിൽക്കുന്ന ആ ക്ഷണത്തിനും ഉണങ്ങിപ്പിടിച്ച ചോരയുടെ മണമുണ്ട്……. ( ബിൽക്കിസിന്റെ നീതിക്കായി സുപ്രീം കോടതിയിൽ ഹർജി നൽകിയവരിൽ സിപിഎം നേതാവ് സഖാവ് സുഭാഷിണി അലിയും തൃണമൂൽ നേതാവ് മഹുവ മൊയിത്രയുമുണ്ട്. രേവതി ലോൽ എന്ന ജേർണലിസ്റ്റുണ്ട്. )

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.