...
Home News National ‘കശാപ്പിന് കൊണ്ടുപോകുന്ന കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കണം’; ബംഗാളിലെ ബിജെപി എംഎല്‍എ

‘കശാപ്പിന് കൊണ്ടുപോകുന്ന കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കണം’; ബംഗാളിലെ ബിജെപി എംഎല്‍എ

കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിൻ്റെ വീഡിയോ വൈറലായതോടെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി

118

കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി എംഎല്‍എ. പശ്ചിമബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ നിന്നുളള ബിജെപി എംഎല്‍എ രേഖ പത്രയുടേതാണ് വിചിത്രമായ ആവശ്യം. കന്നുകാലികളുമായി പോയ വാഹനം തടഞ്ഞു നിര്‍ത്തിയാണ് എംഎല്‍എ വാഹനത്തിൽ ഉണ്ടായിരുന്നവരോട് പശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.

14 വയസില്‍ താഴെയുളള കന്നുകാലികളെ അറുക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ടെന്നും സുവേന്ദു അധികാരി അനധികൃതമായി കന്നുകാലി വ്യാപാരം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രേഖ പത്ര പറഞ്ഞു.

ഹിംഗല്‍ഗഞ്ചിലെ ലെബുഖാലിക്ക് സമീപമാണ് കന്നുകാലികളുമായി പോയ വാഹനം രേഖ പത്രയുടെ നേതൃത്വത്തില്‍ തടഞ്ഞത്. കന്നുകാലികളെ വാഹനത്തില്‍ നിന്ന് ഇറക്കിയ രേഖ അടുത്തുളള മരങ്ങളില്‍ അവയെ കെട്ടിയിട്ടു. ശേഷം അവക്ക് വൈക്കോലും വെളളവും നല്‍കി. തുടര്‍ന്നാണ് കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.

‘ഞങ്ങളുടെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് പോലെ, 14 വയസില്‍ താഴെ പ്രായമുളള കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് കര്‍ശനമായ വിലക്കുണ്ടാകും. ആരെങ്കിലും അനധികൃതമായി പശുക്കളെ കൊണ്ടുപോകുന്നത് കണ്ടെത്തിയാല്‍ അവരെ പിടികൂടുകയും കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ജനന സര്‍ട്ടിഫിക്കറ്റ് കാണിച്ചില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും’ -എന്നാണ് രേഖ പത്ര പറഞ്ഞത്.

രേഖ പത്ര കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിൻ്റെ വീഡിയോ വൈറലായതോടെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് പശുക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് കാണിക്കണം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കുനാല്‍ ഘോഷ് ആവശ്യപ്പെട്ടു. അങ്ങനെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അതിന് ആരാണ് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.