...
Home News Kerala അധികാരം പോയാൽ കോൺഗ്രസിന് എല്ലായിടത്തും ഒരേ സ്വഭാവമേയുള്ളൂ; അവരുള്ളിടത്തേ ബിജെപിയും വളർന്നിട്ടുള്ളൂ

അധികാരം പോയാൽ കോൺഗ്രസിന് എല്ലായിടത്തും ഒരേ സ്വഭാവമേയുള്ളൂ; അവരുള്ളിടത്തേ ബിജെപിയും വളർന്നിട്ടുള്ളൂ

ബിജെപി ഇന്ത്യയിൽ വളർന്നതല്ല, കോൺഗ്രസ് പാല് കൊടുത്തു വളർത്തിയതാണ്. ഇനിയുമെത്ര നാൾ നാമീ പറയുന്ന മതനിരപേക്ഷ കേരളമെന്നത് അത് പോലെ നിലനിൽക്കുമെന്ന് കണ്ടറിയണം.

182

| ശ്രീകാന്ത് പികെ

പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ആദ്യം ചെയ്തത് മോദിയെ പുകഴ്ത്തി പറയുക എന്നതാണ്. കൃത്യം രണ്ട് ദിവസം മുന്നേ സ്വന്തം ഫെയ്സ് ബുക്ക് പ്രൊഫൈലിൽ സംസ്ഥാന സർക്കാരിനെതിരെ കെ.പി.സി.സി പ്രസിഡന്റിന്റെ സ്റ്റേറ്റ്മെന്റ് ഷെയർ ചെയ്ത ആളാണ്. ഈ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുന്നു എന്ന തോന്നലെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇന്ന് മോദിയെ സ്തുതിച്ച പത്മജ പിണറായി വിജയനെ തെറി പറയാൻ കോൺഗ്രസിൽ തന്നെ ഉണ്ടായേനെ.

70 – കൾക്ക് ശേഷമുള്ള കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രമെടുത്താൽ കെ. കരുണാകരൻ – എ.കെ ആന്റണി എന്നാണ് ഉത്തരം. ഇവരുടെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ മറവിലാണ് കോൺഗ്രസ് കേരളത്തിൽ വളർന്നതും തളർന്നതും. രാജ്യത്തെ തന്നെ സുപ്രധാന കോൺഗ്രസ് നേതാക്കൾ.

എ. കെ ആന്റണിയുടെ കോൺഗ്രസ് ദേശീയ നേതാവായിരുന്ന മകൻ ബിജെപിയുടെ പാർലിമെന്റ് സ്ഥാനാർത്ഥിയാണ് ഇന്ന്. കെ. കരുണാകരന്റെ കോൺഗ്രസ് നേതാവായിരുന്ന മകൾ ഇനി മുതൽ ബിജെപി നേതാവ്, ചിലപ്പോൾ ഏതെങ്കിലും ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും. കുപ്പായം മാറുന്ന അത്രയും ലാഘവത്തോടെ കേരളം പോലൊരിടത്തു നിന്നും ബിജെപിയിലേക്ക് പോകുന്ന കോൺഗ്രസ് നേതാക്കൾ.
വടക്കേ ഇന്ത്യ മുതൽ കർണ്ണാടകയിൽ വരെ കണ്ട് ശീലിച്ച ഈ കച്ചവട രാഷ്ട്രീയം കേരളത്തിൽ ഇല്ലല്ലോ എന്നതായിരുന്നു പലരുടെയും ആശ്വാസം.

കേരളത്തിലെ കോൺഗ്രസ് മാറ്റിടങ്ങളിലെ കോൺഗ്രസിനെ പോലെയല്ല എന്നതായിരുന്നു അവരുടെ ആത്മവിശ്വാസം. പക്ഷേ കോൺഗ്രസ് ഒന്നേയുള്ളൂ, അധികാരം പോയാൽ അവർക്ക് എല്ലായിടത്തും ഒരേ സ്വഭാവമേയുള്ളൂ, അവരുള്ളിടത്തേ ബിജെപിയും വളർന്നിട്ടുള്ളൂ.

എല്ലാ കാലത്തും കേരളത്തിൽ സി.പി.ഐ.എമ്മിന്റെ എതിരാളിയായി കോൺഗ്രസ് ഉണ്ടാകണമെന്നത് സി.പി.ഐ.എമ്മുകാരുടെ മാത്രം ആഗ്രഹമാണ്, പക്ഷേ അത് അവർ മാത്രം ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ. അത്യധികം അമർഷത്തോടെയും ആശങ്കയോടെയും അല്ലാതെ മിനിമം മതനിരപേക്ഷ മനസുള്ള മനുഷ്യർക്ക് ഇതൊന്നും കണ്ട് നിൽക്കാനാവില്ല.

കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ മണ്ണ് എന്നൊക്കെ നമ്മൾ അഭിമാനത്തോടെയും അൽപ്പം അഹങ്കാരത്തോടെയും പറയുമായിരുന്നു. ആ മണ്ണിലാണ് ഇക്കാലമത്രയും തലകുത്തി മറിഞ്ഞിട്ടും കാലുറപ്പിക്കാൻ സാധിക്കാതിരുന്ന സംഘപരിവാർ വിഷ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി കോൺഗ്രസായി ജീവിച്ചിരുന്ന നേതാക്കൾ ഇന്ന് താലത്തിൽ ആനയിക്കുന്നത്. ബിജെപി ഇന്ത്യയിൽ വളർന്നതല്ല, കോൺഗ്രസ് പാല് കൊടുത്തു വളർത്തിയതാണ്. ഇനിയുമെത്ര നാൾ നാമീ പറയുന്ന മതനിരപേക്ഷ കേരളമെന്നത് അത് പോലെ നിലനിൽക്കുമെന്ന് കണ്ടറിയണം.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞത് സി.പി.ഐ.എമ്മിനെ നേരിടാൻ ഇനി ബിജെപി മാത്രമേയുള്ളൂ എന്നാണ്. അയാൾ പറഞ്ഞതിൽ സത്യമായ ഒരു വശമുണ്ട്. കേരളത്തിലെ കോൺഗ്രസ് എന്നത് കമ്യൂണിസ്റ്റ് വിരുദ്ധരായ മൂന്ന് മതങ്ങളിലേയും ജാതി – മത കൺസർവേറ്റീവ് ബ്ലോക്കിന്റേയും , അപ്പർ ക്ലാസ് ബൂർഷ്വാ ലാന്റ്ലോർഡുകളും വന്നടിഞ്ഞ ഒരു കൺസോഷ്യം മാത്രമാണ്. കമ്യൂണിസ്റ്റ് വിരുദ്ധത എന്നത് മാത്രമാണ് ആ ആൾക്കൂട്ടത്തിന്റെ യു.എസ്‌.പി.

അതിനാലാണ് അടിമുടി മുസ്ലീം വിരുദ്ധരായ കോൺഗ്രസിലെ എൻ.എസ്‌.എസുകാർക്കും മുസ്ലീം ലീഗിനും ഒരേ മുന്നണിയിൽ നില നിൽക്കാൻ സാധിക്കുന്നത്. രണ്ട് പേരും കമ്യൂണിസ്റ്റ് വിരുദ്ധത എന്ന ഒറ്റ കാര്യത്തിൽ ഒന്നിക്കും. യൂണിയൻ ഭരണവും സംസ്ഥാന ഭരണവും ഇനി കിട്ടില്ല എന്ന് തോന്നുന്ന ഘട്ടത്തിലാണ് ഈ കോൺഗ്രസ് നേതാക്കളൊക്കെ കമ്യൂണിസ്റ്റ് വിരുദ്ധമായ മറ്റൊരു കൂട്ടത്തിലേക്ക് ചേക്കേറുന്നത്. ഇത് ആ ആൾക്കൂട്ടത്തിന്റെ സ്വാഭാവിക തുടർച്ച മാത്രമാണ്.

മൂന്ന് വർഷം മുന്നേ കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചോദിച്ചവരാണ് ഇന്ന് അതേ ജനങ്ങളോട് താമര ചിഹ്നത്തിൽ വോട്ട് ചോദിക്കാൻ പോകുന്നത്. ഇന്ന് നമ്മളോട് വോട്ട് ചോദിച്ചു വരുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളിൽ എത്ര പേർ രണ്ട് വർഷങ്ങൾക്കപ്പുറം ആ പാർടിയിൽ നിൽക്കുമെന്ന് കോൺഗ്രസുകാർക്ക് തന്നെ ഉറപ്പുണ്ട്?
കേരളത്തിലെ വോട്ടർമാർക്ക് തീരുമാനിക്കാം ബാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.