കണ്ണൂർ, കൈതപ്രത്തെ ആർഎസ്എസ് പ്രവർത്തകൻ കെകെ രാധാകൃഷ്‌ണൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയതിന് ഭാര്യ അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. മഹിളാമോർച്ചാ ജില്ലാ സെക്രട്ടറിയും ബിജെപി ജില്ലാ കമ്മറ്റി അംഗവുമായിരുന്ന മിനി നമ്പ്യാര്‍ 2016-ലും 2020-ലും ബിജെപി സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ മിനിക്കെതിരെ അടുത്ത ബന്ധു മൊഴി നൽകിയിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. രാധാകൃഷ്‌ണനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി എൻകെ സന്തോഷിന് മിനിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതിയുമായി മിനി ഫോണിൽ സംസാരിച്ചതിന് തെളിവ് ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.
മാർച്ച് ഇരുപതിനാണ് കൈതപ്രം പൊതുജന വായനശാലക്ക് പിറകിൽ നിർമാണത്തിലുള്ള വീട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയായ രാധാകൃഷ്‌ണൻ വെടിയേറ്റു മരിച്ചത്. രാധാകൃഷ്‌ണൻ്റെ ഭാര്യയുമായി സൗഹൃദം ഉണ്ടായിരുന്നതായും ഇതികണ്ണൂരിൽ പേരിൽ അയാൾ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്‌ത വിരോധമാണ് കൊല നടത്താൻ കാരണമെന്നും സന്തോഷ് പോലീസിന് മൊഴി നൽകിയിരുന്നു.
കേസിലെ രണ്ടാം പ്രതിയാണ് മിനി. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് നൽകിയ സിജോ ജോസഫിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പരിയാരം എസ്.എച്ച്.ഒ എംപി വിനീഷ് കുമാറാണ് മിനിയെ അറസ്റ്റ് ചെയ്‌തത്. പയ്യന്നൂര്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



