...
Home News Kerala ദീപികയുടെ 140-ാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാതെ ബിജെപി

ദീപികയുടെ 140-ാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാതെ ബിജെപി

ദീപികയിലെ ചിലർ രാഷ്ട്രീയം കളിക്കുകയാണെന്നും നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്കായി വാർത്തകൾ വളച്ചൊടിക്കുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചിരുന്നു.

193

ദീപികയുടെ 140-ാം വാർഷിക പരിപാടിയിൽ ബിജെപി നേതൃത്വം പങ്കെടുത്തില്ല. ചടങ്ങിൽ ബിജെപി സെൻട്രൽ സോൺ പ്രസിഡന്റ് എൻ ഹരിയുടെ പേര് ഉൾപ്പെടുത്തിയിരുന്നെങ്കിലും പാർട്ടി പ്രതിനിധികളാരും എത്തിച്ചേരാത്തത് ശ്രദ്ധേയമായി. സ്ഥലത്ത് ഇല്ലാതിരുന്നതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് എൻ. ഹരി പ്രതികരിച്ചു.

ഇതിനിടെ, ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പരോക്ഷമായി ബിജെപിയെ വിമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവ് വെക്കില്ലെന്നും, ദീപിക ആരെയും ഭയപ്പെടില്ലെന്നും, ദൈവത്തെ മാത്രമേ ഭയപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ദീപികയിലെ മുഖപ്രസംഗങ്ങൾ പരിശോധിച്ചാൽ അതു വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി നേതാവ് ഷോൺ ജോർജ് ദീപികക്കെതിരെ രൂക്ഷ വിമർശനം നടത്തിയ പശ്ചാത്തലത്തിലാണ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ പ്രതികരണം. ദീപികയിലെ ചിലർ രാഷ്ട്രീയം കളിക്കുകയാണെന്നും നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്കായി വാർത്തകൾ വളച്ചൊടിക്കുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചിരുന്നു.

സഭയുടെ മുഖപത്രമായതിനാൽ സഭയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും, എഡിറ്റോറിയൽ നയത്തിൽ നിക്ഷേപകർ ഇടപെടുന്നുണ്ടോ എന്നറിയാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ ആശങ്കകൾ ബിജെപി അംഗീകരിച്ചിട്ടുണ്ടെങ്കിലും ദീപികയിൽ കോൺഗ്രസ് അനുകൂല പരസ്യങ്ങൾ വരുന്നതായി ആരോപിച്ച അദ്ദേഹം, ചിലർ സഭയുടെ പേരിൽ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.