Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ.ശ്രീലേഖ | Nalamidam
3 October 2026
Home News Kerala തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ.ശ്രീലേഖ

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ.ശ്രീലേഖ

മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തി ശ്രീലേഖ അന്ന് പരസ്യമായി പ്രകടിപ്പിച്ചിരുന്നു

4

തിരുവനന്തപുരം: ബിജെപി നേതാവും ശാസ്തമംഗലം ഡിവിഷൻ കൗൺസിലറുമായ ആർ.ശ്രീലേഖ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം.

സെപ്റ്റംബർ 30ന് കൗൺസിലർ സ്ഥാനത്തുനിന്ന് സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുന്നതായി കാണിച്ച് മേയർ വിവി രാജേഷിന് കത്ത് നൽകിയതായി ശാസ്തമംഗലത്തെ കൗൺസിലർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അവർ അറിയിച്ചു. രാജിക്കത്തിന്റെ പകർപ്പ് ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകുമെന്നും ശ്രീലേഖ വ്യക്തമാക്കിയിട്ടുണ്ട്.

“നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു” എന്നും ഗ്രൂപ്പിലെ സന്ദേശത്തിൽ പറയുന്നു. എന്നാൽ, ശ്രീലേഖ രാജിവെച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു മേയർ വിവി രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും പ്രതികരണം.

ഭരണസ്തംഭന ഭീതിയിൽ ബിജെപി ആർ.ശ്രീലേഖയുടെ രാജി തിരുവനന്തപുരം കോർപ്പറേഷനിൽ ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്ന ബിജെപിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. ആകെയുള്ള 101 വാർഡുകളിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 50 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. തുടർന്ന് സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് പാർട്ടി കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്. കൗൺസിലർ സ്ഥാനം രാജിവെച്ചതോടെ ഭരണത്തിലെ ഭൂരിപക്ഷം സംബന്ധിച്ച് കടുത്ത പ്രതിസന്ധിയാണ് ബിജെപിക്ക് മുന്നിലുള്ളത്.

അമർഷവും ചർച്ചയാകുന്നു 2024-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം ഡിവിഷനിൽ നിന്നാണ് ആർ.ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പാർട്ടി മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നത് മുൻ ഡിജിപി കൂടിയായ ആർ.ശ്രീലേഖയെ ആയിരുന്നു.

എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഭരണം ലഭിച്ചപ്പോൾ വിവി രാജേഷിനെ മേയർ സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തി ശ്രീലേഖ അന്ന് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിലവിലുള്ള രാജി എന്നതും രാഷ്ട്രീയകേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.