...
Home News National ഡികെ ശിവകുമാർ മുഖ്യമന്ത്രി ആയാൽ ബിജെപി പുറത്ത് നിന്ന് പിന്തുണക്കും: സദാനന്ദ ​ഗൗഡ

ഡികെ ശിവകുമാർ മുഖ്യമന്ത്രി ആയാൽ ബിജെപി പുറത്ത് നിന്ന് പിന്തുണക്കും: സദാനന്ദ ​ഗൗഡ

സിദ്ധാരമയ്യയും ഡികെ ശിവകുമാറും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ ആണ് സദാനന്ദ ​ഗൗഡ നിലപാട് വ്യക്തമാക്കി രം​ഗത്ത് വന്നത്

244

കർണാടകയിൽ ഡികെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചാൽ പിന്തുണ നൽകുമെന്ന് ബിജെപി. ഡികെ ശിവകുമാർ മുഖ്യമന്ത്രി ആകുകയാണെങ്കിൽ ബിജെപി പുറത്ത് നിന്ന് പിന്തുണക്കാമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ​ഗൗഡയാണ് വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധാരമയ്യയും ഡികെ ശിവകുമാറും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ ആണ് സദാനന്ദ ​ഗൗഡ നിലപാട് വ്യക്തമാക്കി രം​ഗത്ത് വന്നിരിക്കുന്നത്.

നേതൃത്വമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ കാത്തിരിക്കു വിളിക്കാമെന്ന് രാഹുൽ ​ഗാന്ധി ഡികെ ശിവകുമാറിനെ അറിയിച്ചതായി റിപ്പോ‍‌ർട്ടുകൾ ഉണ്ടായിരുന്നു. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർലമെൻ്റ് സെഷന് മുന്നോടിയായി കർണ്ണാടകയിലെ നേതൃമാറ്റ വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കാൻ സാധ്യതയില്ല എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് രാഹുൽ ​ഗാന്ധി ശിവകുമാറിന് സന്ദേശം കൈമാറിയെന്ന വിവരം പുറത്ത് വരുന്നത്.

കർണ്ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡികെ ശിവകുമാർ കഴിഞ്ഞ ഒരാഴ്‌ചയോളം രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്‌ചക്ക് ശ്രമിച്ച് വരികയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ നവംബർ 29ന് ശിവകുമാർ ഡൽഹിക്ക് തിരിക്കുമെന്നും സോണിയ ​ഗാന്ധിയുമായി കൂടിക്കാഴ്‌ചക്ക് അവസരം ലഭിച്ചെന്നും റിപ്പോ‍ർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പോയ ശിവകുമാർ അനുകൂലികളായ എംഎൽഎമാരെ തൽക്കാലം നേതൃമാറ്റമില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവരോട് മടങ്ങിപ്പോകാനും ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. മുതിർന്ന പാർട്ടി നേതാക്കളെ കാണാൻ ഡൽഹിയിലേക്ക് പോയ കോൺഗ്രസ് എംഎൽഎമാ‍ർ തീരുമാനം കേന്ദ്ര നേതൃത്വം കൈകൊള്ളുമെന്ന് അറിയിച്ചിരുന്നു.

ഇതിനിടെ കർണാകടയിലെ തർക്കങ്ങളിൽ സിദ്ധാരാമയ്യയുടെ നിലപാടിൽ രാഹുൽ ​ഗാന്ധി അസംതൃപ്‌തൻ ആണെന്നും റിപ്പോർട്ടുകളുണ്ട്. നേതൃമാറ്റ ധാരണയില്ലെന്നും അഞ്ച് വർഷം പൂർത്തിയാക്കുമെന്നുമുള്ള സിദ്ധാരാമയ്യയുടെ പരസ്യപ്രസ്‌താവനയിലും രാഹുൽ നേതാക്കളെ അതൃപ്‌തി അറിയിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ട്ട് ചെയ്യുന്നത്.

സിദ്ധാരാമയ്യയോടും ഡികെ ശിവകുമാറിനോടും സംസാരിക്കുമെന്നും അതുവരെ പ്രശ്‌നങ്ങൾ വഷളാക്കരുതെന്നും രാഹുൽ കർണ്ണാടകയിൽ നിന്നുള്ള നേതാക്കളെ അറിയിച്ചതായും റിപ്പോ‍‌ർട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.