...
Home News National കേരളത്തിലും രാജസ്ഥാനിലും ബിഎല്‍ഒമാർ ജീവനൊടുക്കി; എസ്‌ഐആര്‍ സമ്മര്‍ദ്ദം, അന്വേഷിക്കും

കേരളത്തിലും രാജസ്ഥാനിലും ബിഎല്‍ഒമാർ ജീവനൊടുക്കി; എസ്‌ഐആര്‍ സമ്മര്‍ദ്ദം, അന്വേഷിക്കും

കൂടുതല്‍ അന്വേഷണം തുടരുമെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

195

കണ്ണൂരിൽ കഴിഞ്ഞ ദിവസം ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തിന് എസ്‌ഐആറുമായി ബന്ധമില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. പ്രാഥമിക റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ നല്‍കിയത്. പൊലീസ് അന്വേഷണത്തിലെ വിവരങ്ങളാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കൂടുതല്‍ അന്വേഷണം തുടരുമെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പയ്യന്നൂര്‍ മണ്ഡലം പതിനെന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോൾ ആയിരുന്നു സംഭവം. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയത് എന്നായിരുന്നു ആദ്യം മുതല്‍ പുറത്തുവന്ന വിവരം.

എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎല്‍ഒയുടെ മരണവും തമ്മില്‍ വ്യക്തമായ ബന്ധമില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വ്യക്തിപരമായ സമ്മര്‍ദത്തിനുളള സാധ്യത പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും കളക്ടറുടെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

രാജസ്ഥാനിലും ബിഎല്‍ഒ ജീവനൊടുക്കിയിരുന്നു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജംഗിദ് (45) ആണ് ആത്മഹത്യ ചെയ്‌തത്. എസ്‌ഐആറിൻ്റെ ഭാഗമായുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അധ്യാപകന്‍റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

നഗ്‌രികാ ബാസിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകനായിരുന്നു മുകേഷ്. അതോടൊപ്പം തന്നെ ബിഎല്‍ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബിന്ദായക റെയില്‍വേ ക്രോസിംഗില്‍ ട്രെയിനിന് മുമ്പില്‍ ചാടിയാണ് മുകേഷ് ജീവനൊടുക്കിയതെന്ന് ബിന്ദായക എസ്.എച്ച്‌.ഒ വിനോദ് വര്‍മ പറഞ്ഞു.

സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് മുകേഷ് വീട്ടില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ പുറത്തു പോവുകയായിരുന്നുവെന്ന് സഹോദരന്‍ ഗജാനന്ദ് പറഞ്ഞു. തൻ്റെ സഹോദരന്‍ സംഘര്‍ഷത്തിൽ ആയിരുന്നു. രാത്രി ഒരു സുഹൃത്ത് ഫോമുകള്‍ പൂരിപ്പിക്കാന്‍ സഹായിച്ച ശേഷം പോയി. ഞായറാഴ്‌ച രാവിലെ മുകേഷ് വീട്ടില്‍ നിന്ന് ഇറങ്ങി. അതിന് ശേഷമാണ് ഈ സംഭവം നടന്നതെന്നും സഹോദരന്‍ പറഞ്ഞു.

(ജീവിതത്തിലെ വിഷമ സന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്‌ദരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.