...
Home News Kerala നീലപ്പെട്ടിയും പാലക്കാടും; ആരോപണ, പ്രത്യാരോപണങ്ങളുമായി സിപിഎമ്മും കോൺഗ്രസും

നീലപ്പെട്ടിയും പാലക്കാടും; ആരോപണ, പ്രത്യാരോപണങ്ങളുമായി സിപിഎമ്മും കോൺഗ്രസും

കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വഴിമാറിയത്. അർദ്ധ രാത്രി 12 മണിക്ക് ശേഷം കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോലീസ് എത്തി എല്ലാവരെയും മുറിയില്‍ നിന്നിറക്കി പരിശോധന നടത്തുന്നു.

246

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണം ഇപ്പോൾ ഒരു നീലപ്പെട്ടിയിൽ എത്തി നിൽക്കുകയാണ് . ഈ പെട്ടിക്കുള്ളില്‍ കോൺഗ്രസിന് തിരഞ്ഞെടുപ്പിനായുളള കള്ളപ്പണമാണെന്ന് സിപിഎമ്മും എന്നാൽ, വസ്ത്രങ്ങളാണെന്ന് കോണ്‍ഗ്രസും പറയുമ്പോള്‍ ശരി എന്താകും എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ബിജെപിയും സിപിഎമ്മിനൊപ്പം തന്നെയാണ് ഈ വിഷയത്തിൽ നിലകൊള്ളുന്നത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വഴിമാറിയത്. അർദ്ധ രാത്രി 12 മണിക്ക് ശേഷം കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോലീസ് എത്തി എല്ലാവരെയും മുറിയില്‍ നിന്നിറക്കി പരിശോധന നടത്തുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമെത്തി പ്രതിഷേധിക്കുന്നു.

അതിനുശേഷം ഇവിടേക്ക് സിപിഎം ബിജെപി പ്രവര്‍ത്തകരും എത്തിയതോടെ സംഘര്‍ഷമായി. പുലര്‍ച്ചെ വരെ നീണ്ട പരിശോധനയിൽ ഒന്നും ലഭിക്കാതെ പോലീസ് അവസാനിപ്പിക്കുകയും ചെയ്തു. നേരം വെളുത്തശേഷം കോണ്‍ഗ്രസ് ഈ റെയ്ഡില്‍ വലിയ പ്രതിഷേധം ഉയര്‍ത്തി.

എന്നാൽ, കള്ളപ്പണം ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും അത് പുറകുവശത്തു കൂടി കടത്താനാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് തിരിച്ചടിച്ച് സിപിഎമ്മും രംഗത്തെത്തി. ഒരു നീല കളറിലുള്ള ട്രോളി ബാഗില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും കൂടിയായ ഫെനി നൈനാന്‍ പണം എത്തിച്ചെന്ന് സിപിഎം ആരോപിച്ചു. പിന്നാലെ തന്നെ തെളിവ് പുറത്തു വിടുമെന്നും വെല്ലുവിളിച്ചു.

ഇതിനെ തുടർന്ന് ഒരു നീലപ്പട്ടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കണ്ടു. ഈ പെട്ടി തന്റെ കാറില്‍ നിന്നും എടുത്തതാണെന്നും അതിനുള്ളിൽ വസ്ത്രങ്ങളാണെന്നും രാഹുല്‍ വ്യക്തമാക്കി. തക്കാളിപ്പെട്ടിയുമായി ഹോട്ടലില്‍ പോകാന്‍ കഴിയില്ല. പെട്ടിയില്‍ പണം ആയിരുന്നു എന്ന് തെളിയിച്ചാല്‍ പ്രചരണം തന്നെ നിര്‍ത്താമെന്നും വെല്ലുവിളിച്ചു.

ഇതോടുകൂടി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിടുകയായിരുന്നു . അതില്‍ ഫെനി നീലപ്പെട്ടിയുമായി നടന്നു പോകുന്നതുണ്ട്. എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും ദൃശ്യങ്ങളിലുണ്ട്. രാത്രി രാഹുല്‍ ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതു കൂടിയായി ദൃശ്യങ്ങള്‍. എന്തായാലും സത്യം എന്തെന്ന് തെളിയുന്നത് വരെ നീലപ്പെട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുമെന്ന് ഉറപ്പാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.