...
Home News ശരീര മുറിവുകൾ ‘ആയുസ് വർധിപ്പിക്കുന്ന അലങ്കാരം’; ഒരു ജനതയുടെ വിശ്വാസം ഇങ്ങനെ

ശരീര മുറിവുകൾ ‘ആയുസ് വർധിപ്പിക്കുന്ന അലങ്കാരം’; ഒരു ജനതയുടെ വിശ്വാസം ഇങ്ങനെ

മുഖത്താകെ മുറവുണങ്ങിയ പാടുകളുള്ള ഒരു സ്ത്രീ അവരുടെ ജീവിത്തിൻ്റെ കഥ ബിബിസിയോട് പറയുകയുണ്ടായി

340

പുരോഗമനമോ, ആധുനിക സമൂഹത്തിൻ്റെ എന്തെങ്കിലും സ്വാധീനമോ ഇല്ലാത്ത നിരവധി മനുഷ്യരെ പല ആഫ്രിക്കന്‍ ഗോത്രഗ്രാമങ്ങളിലും കാണാനാവും. പല വിചിത്ര ആചാരങ്ങളും ഇവർക്കിടയിലുണ്ടെങ്കിലും ശരീരം വേദനിപ്പിച്ചു കൊണ്ട് ഇവര്‍ നടത്തുന്ന പല ആചാരങ്ങളും അത്ഭുതപ്പെടുത്തും. മുഖത്തും കൈകാലുകളിലും ശരീരത്തിലുമായി ഇത്തരത്തില്‍ അങ്ങേയറ്റം വേദന സമ്മാനിക്കുന്ന മുറിവുകള്‍ ഉണ്ടാകുന്നതിനെ ആഫ്രിക്കന്‍ ഗോത്രജനത സന്തോഷത്തോടെ സ്വീകരിക്കുന്നത് എങ്ങനെ?

ആഫ്രിക്കന്‍ ഗോത്ര ജനതക്കിടയില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ബോഡി കട്ട് എന്നത്. ബോഡി കട്ട് എന്നത് ഒരു പെണ്‍കുട്ടി സ്ത്രീയായി മാറി എന്നും അവള്‍ക്ക് വിവാഹ പ്രായമായി എന്നും മറ്റുള്ളവര്‍ക്ക് മനസിലാകാനുള്ള അടയാളമായി ആ നാട്ടുകാര്‍ കാണുന്നു. കൂര്‍ത്ത മുനയുള്ള കത്തി പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് തൊലിപ്പുറത്താണ് ബോഡി കട്‌സ് ഉണ്ടാക്കുന്നത്. ഇത് അങ്ങേയറ്റം വേദനാജനകമാണ്. തൊലിപ്പുറത്തുണ്ടാകുന്ന ഈ മുറിവിൻ്റെ പാടുകള്‍ ഉത്തരവാദിത്വത്തിൻ്റെ, ആത്മാഭിമാനത്തിൻ്റെ, ധൈര്യത്തിൻ്റെ അടയാളമായി ആഫ്രിക്കന്‍ ഗോത്ര സമൂഹം കണക്കാക്കുന്നു.

ഓരോ പാടുകളുടെ ആകൃതിയില്‍ ഒരു വിശ്വാസത്തിൻ്റെ മറവും ഉണ്ടായിരിക്കും. ‘ടാറ്റു’വിനെ എങ്ങനെ ഉള്‍ക്കൊള്ളുന്നോ അതുപോലെയാണ് അവര്‍ ബോഡി കട്ടിനെ കാണുന്നത്. ഈ കാലത്ത് വളരെ പ്രചാരത്തിലുള്ള ടാറ്റു അടിസ്ഥാനപരമായി ശരീര ആരോഗ്യത്തിന് ഗുണം ചെയ്യുന്നില്ലെങ്കിലും ആളുകള്‍ക്ക് അതിനോട് താല്‍പര്യമാണ്. എത്ര വേദന സഹിച്ചും അതിന് വേണ്ടി താല്‍പര്യവുമുണ്ട്.

ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം മുറിവുകള്‍, അതിൻ്റെ പാടുകള്‍ എന്നിവ ആയുസ് വര്‍ധിപ്പിക്കുമെന്ന ചില ആഫ്രിക്കന്‍ ഗോത്ര ജനതക്കിടയില്‍ വിശ്വാസമുണ്ട്. മുഖത്താകെ മുറവുണങ്ങിയ പാടുകളുള്ള ഒരു സ്ത്രീ അവരുടെ ജീവിത്തിൻ്റെ കഥ ബിബിസിയോട് പറയുകയുണ്ടായി.

ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവരുടെ ഇരട്ട സഹോദരി മരണപ്പെടുകയും അവര്‍ക്ക് കലശലായ രോഗം പിടിപെടുകയും ചെയ്‌തിരുന്നു. അസുഖം കലശലായതോടെ ഈ കുഞ്ഞും മരണപ്പെടുമെന്ന് എല്ലാവരും കരുതിയിരുന്നു. അങ്ങനെയിരിക്കുമ്പോൾ ആണ് അവരുടെ പ്രദേശത്തുണ്ടായിരുന്ന ആത്മീയാചാര്യന്‍ ജീവന്‍ സംരക്ഷിക്കാനായി ഒരു മാര്‍ഗം പറഞ്ഞു കൊടുത്തത്.

മുഖത്ത് മുറിവുകളുണ്ടാക്കി അതിൻ്റെ പാടുകള്‍ സംരക്ഷണ വലയമായി കണക്കാക്കണമെന്നായിരുന്നു ഉപദേശം. ആത്മീയാചാര്യൻ്റെ നിര്‍ദേശപ്രകാരം മുറിവുണ്ടാക്കി അത് ഉണങ്ങിയതോടെ തൻ്റെ അസുഖങ്ങളും മാറി തിരികെ ജീവിതത്തിലേക്ക് വരാന്‍ കഴിഞ്ഞുവെന്നാണ് അവര്‍ പറയുന്നത്.

ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടല്ലാതെ ആഘോഷവേളകളിലും ഇത്തരം മുറിവുകള്‍ ഉണ്ടാക്കപ്പെടാറുണ്ട്. യുവ തലമുറ അവരുടെ ജീവിതത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ആഘോഷങ്ങളില്‍ മുറിവുണ്ടാക്കുന്നത്. വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക്, ആര്‍ത്തവം ആരംഭിക്കുമ്പോള്‍ തുടങ്ങി ചില പ്രത്യേക ആഘോഷ ദിവസങ്ങളിലാണ് ഈ മുറിവുകള്‍ ഉണ്ടാക്കപ്പെടുന്നത്. കുടുംബാംഗങ്ങള്‍, അവരുടെ കമ്മ്യൂണിറ്റിയില്‍പ്പെടുന്ന ആളുകള്‍ തുടങ്ങി ചിലരാണ് ഇത്തരം ആഘോഷത്തില്‍ പങ്കെടുക്കുക.

കത്തി, മൂര്‍ച്ചയുള്ള കല്ലുകള്‍, ഗ്ലാസ് കഷ്‌ണം, ലോഹ കഷ്‌ണം എന്നിവ ഉപയോഗിച്ചോ, ചില ഗോത്രത്തില്‍ ഉള്‍പ്പെടുന്നവര്‍ പൊള്ളിച്ചോ ശരീരത്തില്‍ പാടുകള്‍ ഉണ്ടാക്കാറുണ്ട്. അവര്‍ തങ്ങളുടെ സൗന്ദര്യത്തിൻ്റെ, വ്യക്തിത്വത്തിൻ്റെ ഒരുമയുടെ എല്ലാം പ്രതീകമായാണ് ഈ മുറിവുകൾ ഉണ്ടാക്കുന്നതിനെയും അതിൻ്റെ പാടുകളെയും കണക്കാക്കുന്നത്.

ലോകത്തിൻ്റെ പലഭാഗങ്ങളില്‍ എല്ലാ കാലത്തുമുണ്ടായിട്ടുള്ള ചില തലമുറകള്‍ മാറുമ്പോഴുണ്ടാകുന്ന മാറ്റം ഇക്കാര്യത്തിലും ഉണ്ടായിട്ടുണ്ട്. ഈ തലമുറയിലെ ചില ആളുകളെങ്കിലും ഇത്തരം മുറിവുകളെ അതിൻ്റെ വേദനയെ അവഗണിക്കുന്നുണ്ട്. ആധുനിക ചികിത്സയുടെ സാധ്യതകളും ആഗോള വത്കരണവുമെല്ലാം ഒരു തരത്തില്‍ പുതിയ തലമുറയെ സ്വാധീനിച്ചിട്ടുണ്ടെന്നും പറയാം. വേദന സഹിച്ചു കൊണ്ട് സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്താനും ഈ തലമുറയിലെ ആളുകള്‍ താല്‍പര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.