...
Home News International അമേരിക്കയിൽ ‘ബോംബ് സൈക്ലോൺ’ താണ്ഡവം; ആറ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ, മരവിച്ച് ജനജീവിതം

അമേരിക്കയിൽ ‘ബോംബ് സൈക്ലോൺ’ താണ്ഡവം; ആറ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ, മരവിച്ച് ജനജീവിതം

ശീതക്കാറ്റ് ശക്തി പ്രാപിച്ചതോടെ അമേരിക്കയിലുടനീളം പതിനായിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. അറ്റ്‌ലാന്റിക് സിറ്റി ഇന്റർനാഷണൽ, മാർത്താസ് വൈൻയാർഡ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

241

അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിൽ ‘ഹെർണാൺഡോ’ ശീതക്കൊടുങ്കാറ്റ് അതിശക്തമായി ആഞ്ഞടിക്കുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ന്യൂയോർക്ക്, ന്യൂജേഴ്‌സി, മസാച്യുസെറ്റ്‌സ്, കണക്റ്റിക്കട്ട്, ഡെലവെയർ, റോഡ് ഐലൻഡ് എന്നീ ആറ് സംസ്ഥാനങ്ങളിൽ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെറും 24 മണിക്കൂറിനുള്ളിൽ അന്തരീക്ഷമർദം 24 മില്ലിബാറിൽ കൂടുതൽ താഴുന്ന അതീവ ഗുരുതരമായ സാഹചര്യത്തെയാണ് ‘ബോംബ് സൈക്ലോൺ’ എന്ന് വിളിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ ഈ പ്രതിഭാസം അമേരിക്കയിലെ ജനജീവിതത്തെ പൂർണ്ണമായും ദുസ്സഹമാക്കിയിരിക്കുകയാണ്.

വടക്കുകിഴക്കൻ മേഖലയിലെ പലയിടങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 30 ഇഞ്ചിലധികം മഞ്ഞുവീഴ്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റോഡ് ഐലൻഡിലെ പ്രൊവിഡൻസിൽ ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയപ്പോൾ, ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കിൽ മാത്രം തിങ്കളാഴ്ച 19.7 ഇഞ്ച് മഞ്ഞ് വീണു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റായാണ് കാലാവസ്ഥാ നിരീക്ഷകർ ഹെർണാൺഡോയെ വിലയിരുത്തുന്നത്.

ശീതക്കാറ്റ് ശക്തി പ്രാപിച്ചതോടെ അമേരിക്കയിലുടനീളം പതിനായിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. അറ്റ്‌ലാന്റിക് സിറ്റി ഇന്റർനാഷണൽ, മാർത്താസ് വൈൻയാർഡ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ഗതാഗത തടസ്സത്തിന് പുറമെ പലയിടങ്ങളിലും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ താപനില പൂജ്യം ഡിഗ്രിയിൽ താഴെയായതോടെ അതീവ ജാഗ്രതയുടെ ഭാഗമായി ‘കോഡ് ബ്ലൂ’ അലർട്ട് പ്രഖ്യാപിച്ചു.

ആഗോളതാപനം മൂലം ആർട്ടിക് മേഖലയിലെ ‘പോളാർ വോർട്ടക്സ്’ എന്ന ശീതക്കാറ്റ് അസ്ഥിരമാകുന്നതാണ് ഇത്തരം കൊടുങ്കാറ്റുകൾക്ക് പിന്നിലെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ആർട്ടിക് മേഖലയിൽ നിന്നുള്ള തണുത്ത വായുവും അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഉഷ്ണവായുവുമായി കൂട്ടിമുട്ടുന്നത് കൊടുങ്കാറ്റിന്റെ തീവ്രത വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഈ മാസം അവസാനം വരെ വടക്കുകിഴക്കൻ മേഖലയിൽ മഞ്ഞുവീഴ്ച തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.