അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തുടങ്ങിയ ഭീകരസംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന പുസ്തകങ്ങൾ ബംഗ്ലാദേശിൽ കടകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സർക്കാർ നടത്തുന്ന പുസ്തകമേളയിലും വിൽപ്പനയ്‌ക്കുണ്ടെന്ന് റിപ്പോർട്ട്. ബംഗ്ലാദേശ് വാർത്താ വെബ്‌സൈറ്റായ ‘ധാക്ക സ്ട്രീം’ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 12ന് ആരംഭിച്ച ഇസ്ലാമിക് ഫൗണ്ടേഷന്റെ ഒരു മാസം നീളുന്ന പുസ്തകമേളയിൽ അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ, അൻസാർ അൽ-ഇസ്ലാം, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ സംഘടനകളുടെ നേതാക്കളുടേതായി പറയപ്പെടുന്ന കൃതികളും കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു. ധാക്കയിലെ ബൈത്തുൽ മുഖറം നാഷണൽ മോസ്‌കിന്റെ കിഴക്കൻ പരിസരത്ത് നടക്കുന്ന മേളയിൽ കുറഞ്ഞത് 10 പ്രസാധകർ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ബംഗ്ലാബസാറിലെ സ്റ്റേഷനറി കടകൾക്ക് പുറമെ റോക്കോമാരി, ബാത്തിഗർ, വാഫിലൈഫ്, കിതാബ്ഗർ, റുഹാമാഷോപ്പ്, ഹലാൽപൊന്നോ, നാഫിയൂൺ, ഖിദ്മാഷോപ്പ്, മാമുൻബുക്സ്, ബോയ്റ്റോയ് തുടങ്ങിയ ഓൺലൈൻ റീട്ടെയിലർമാരിലൂടെയും ഇത്തരം പുസ്തകങ്ങൾ ലഭ്യമാണെന്ന് ‘ധാക്ക സ്ട്രീം’ റിപ്പോർട്ട് ചെയ്തു. ചില ഓൺലൈൻ റീട്ടെയിലർമാർ സോഷ്യൽ മീഡിയയിലൂടെയും പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
അക്രമം, സർക്കാർ സംവിധാനങ്ങളെ അസ്ഥിരപ്പെടുത്തൽ, സാധാരണക്കാരെ ലക്ഷ്യമിടൽ തുടങ്ങിയ ആശയങ്ങളെ പിന്തുണയ്ക്കുന്നതായി ആരോപിക്കപ്പെടുന്ന ഉള്ളടക്കങ്ങൾ ചില പുസ്തകങ്ങളിലുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജഡ്ജിമാർ, പോലീസ് സ്റ്റേഷനുകൾ, ഹൈവേകൾ, എണ്ണ പൈപ്പ്‌ലൈനുകൾ തുടങ്ങിയവ ആക്രമിച്ച് സർക്കാർ സേവനങ്ങൾ തടസ്സപ്പെടുത്തുന്നതിനെക്കുറിച്ചും സാധാരണക്കാരെ കൊല്ലുന്നതിനെ ന്യായീകരിക്കുന്നതിനെക്കുറിച്ചും ചില കൃതികളിൽ പരാമർശങ്ങളുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ബംഗ്ലാദേശിൽ അവയുടെ വിൽപ്പനയും പ്രചാരണവും നടക്കുന്നതായി റിപ്പോർട്ട് പറയുന്നു. അതേസമയം, ഇത്തരം ആശയങ്ങളുടെ പ്രചാരണം അംഗീകരിക്കാനാകില്ലെന്ന് ബംഗ്ലാദേശ് ജതിയോതബാദി ഉലമ ദളിന്റെ മുൻ അംഗ സെക്രട്ടറിയും നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നസ്രുൾ ഇസ്ലാം താലുക്ദാർ പ്രതികരിച്ചു. ഇത്തരം പുസ്തകങ്ങൾ സമൂഹത്തിനും രാജ്യത്തിന്റെ സ്ഥിരതയ്ക്കും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


