...
Home News National ശിവസേനയുടെ ഇരുവിഭാഗങ്ങളും ദസറ റാലിയില്‍ കൊമ്പ് കോര്‍ത്തു

ശിവസേനയുടെ ഇരുവിഭാഗങ്ങളും ദസറ റാലിയില്‍ കൊമ്പ് കോര്‍ത്തു

നരേന്ദ്ര മോദിയെയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും ലക്ഷ്യം വച്ചു കൊണ്ടായിരുന്നു വിമര്‍ശനങ്ങള്‍

211

മുംബൈയില്‍ ദസറ റാലിയില്‍ കൊമ്പ് കോര്‍ത്ത് ശിവസേനയുടെ ഇരുവിഭാഗങ്ങളും. ബിജെപി ബിഎംസി ജയിച്ചാല്‍ മുംബൈ അദാനിയുടെ കൈകളിൽ എത്തുമെന്ന് ഉദ്ധവ് താക്കറെ. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉദ്ധവ് താക്കറെയുടെ നിഴല്‍ പോലും കൂടെ ഉണ്ടാകില്ലെന്ന് ഏക്‌നാഥ് ഷിന്‍ഡെയുടെ പരിഹാസം. മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണ വേദിയായി ദസറ റാലി

ശിവാജി പാര്‍ക്കില്‍ കനത്ത മഴയെ അതിജീവിച്ച് നടന്ന ദസറ റാലിയിലായിരുന്നു ഉദ്ധവ് താക്കറെയുടെ രോഷ പ്രകടനം ഉണ്ടായി. ബിജെപിക്കും ഭരണകക്ഷിയായ മഹായുതി സര്‍ക്കാരിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. മുംബൈയിലെ കുപ്രസിദ്ധമായ ചോര്‍ ബസാറിൻ്റെ പേര് മോദി ബസാറെന്ന് മാറ്റണമെന്നും സഞ്ജയ് റൗത് ട്രോളി

അഴിമതിയും അവസര വാദവുമായി മഹാരാഷ്ട്രയുടെയും മുംബൈയുടെയും താല്‍പ്പര്യങ്ങള്‍ തകര്‍ക്കുന്നുവെന്നും താക്കറെ ആരോപിച്ചു. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ബിജെപിക്ക് നേടാന്‍ കഴിഞ്ഞാല്‍ നഗരം അദാനിക്ക് കീഴടങ്ങുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി. ബിഎംസിയിലെ അഴിമതി തുറന്നുകാട്ടുന്ന ഒരു ധവളപത്രം കൊണ്ടുവരുമെന്നും താക്കറെ വഗ്‌ദാനം ചെയ്‌തു.

മുംബൈയുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനുള്ള ശിവസേനയുടെ പ്രതിബദ്ധത താക്കറെ ആവര്‍ത്തിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും ലക്ഷ്യം വച്ചു കൊണ്ടായിരുന്നു വിമര്‍ശനങ്ങള്‍.

ബിജെപി മുംബൈയെ ഒരു വാണിജ്യ ആസ്‌തിയായി കാണുന്നുവെന്ന് വാര്‍ഷിക ദസറ റാലിയില്‍ ആയിരക്കണക്കിന് അണികളെ അഭിസംബോധന ചെയ്‌തുകൊണ്ട് താക്കറെ പറഞ്ഞു.

അതേസമയം സ്വന്തം അണികളെ രാഷ്ട്രീയമായി ഇല്ലാതാക്കുന്ന ഗൂഢാലോചന തലവനെന്നാണ് ഉദ്ധവ് താക്കറെയെ ഏക്‌നാഥ് ഷിന്‍ഡെ വിശേഷിപ്പിച്ചത്. സമാന്തരമായി നടന്ന ദസറ റാലിയിലാണ് താക്കറെക്കെതിരെ ഷിന്‍ഡെയുടെ രൂക്ഷ വിമര്‍ശനം. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉദ്ധവ് താക്കറെയുടെ നിഴല്‍ പോലും കൂടെയുണ്ടാകില്ലെന്നും ഷിന്‍ഡെ പരിഹസിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.