ഗുജറാത്തിലെ വഡോദരയിലെ പദ്ര താലൂക്കിലെ ഗംഭീര- മുജ്‌പൂർ പാലത്തിൻ്റെ ഒരു ഭാഗം തകർന്നുവീണ് ഒമ്പത് പേർ മരിക്കുകയും നിരവധി വാഹനങ്ങൾ മഹിസാഗർ (മാഹി) നദിയിലേക്ക് വീഴുകയും ചെയ്‌തു.
ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം ബുധനാഴ്‌ച രാവിലെയാണ് ഗതാഗത തിരക്കുള്ള സമയത്ത് തകർന്നുവീണത്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ട്രക്കുകൾ, ഒരു ബൊലേറോ എസ്‌യുവി, ഒരു പിക്കപ്പ് വാൻ എന്നിവയുൾപ്പെടെ നാല് വാഹനങ്ങൾ പാലം മുറിച്ചു കടക്കുന്നതിനിടെ പെട്ടെന്ന് തകർന്നുവീണു.
വാഹനങ്ങൾ നദിയിലേക്ക് വീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വലിയ പൊട്ടിത്തെറി ശബ്‌ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളും, പ്രാദേശിക പോലീസും, വഡോദര ജില്ലാ ഭരണകൂടത്തിലെ അംഗങ്ങളും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
പരിക്കേറ്റവരെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്ന് പുറത്തെടുക്കാൻ നാട്ടുകാരും സഹായവുമായി എത്തി. ഇതുവരെ മൂന്ന് പേരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് തൊട്ടുപിന്നാലെ പാദ്ര എംഎൽഎ ചൈതന്യസിങ് സാല സ്ഥലം സന്ദർശിച്ചു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ പ്രദേശം വളഞ്ഞിട്ടുണ്ട്. തകർച്ചയുടെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയും ആനന്ദ്, വഡോദര, ബറൂച്ച്, അങ്കലേശ്വർ എന്നിവക്ക് ഇടയിലുള്ള യാത്രക്കാർക്ക് അത്യന്താപേക്ഷിതവുമായ ഈ പാലം ഭരണകൂടം വളരെക്കാലമായി അവഗണിച്ചിരുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



