യുപിയിലെ ഹാമിർപൂരിൽ പാലം തകർന്ന് ആറ് മരണം. നിർമാണത്തിലിരുന്ന പാലമാണ് ശക്തമായ കാറ്റിൽ തകർന്ന് വീണത്. അപകടത്തിൽ മരിച്ചത് നിർമാണ തൊഴിലാളികളാണ്. ഉത്തർപ്രദേശിന് സമീപം ഹാമിർപൂരിന് സമീപം ബേത്വ നദിക്ക് കുറുകെ നിർമ്മാണത്തിലുള്ള പാലമാണ് തകർന്നത്.
പുലർച്ചെ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകർന്നു വീണത്. അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയാണ് തൊഴിലാളികളുടെ മരണം. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. പുലർച്ചെ മൂന്ന് മണിയോടെ ആണ് ശക്തമായ കാറ്റും മഴയുമുണ്ടായത്.
കുരാരയിലെ മോർകന്ദർ പർസാനി മുതൽ നൈതി ഗ്രാമം വരെ നീളുന്നതാണ് ഈ പാലം. അപകട സമയത്ത് തൊഴിലാളികളെല്ലാം പാലത്തിൻ്റെ ഒരു ഭാഗത്ത് ഉറങ്ങുകയായിരുന്നു. പാലം തകർന്നു ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ലോകേന്ദ്ര (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭാജിത് (30), പുഷ്പേന്ദ്ര സിങ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നീ തൊഴിലാളികളാണ് മരിച്ചത്.



