...
Home News International ഉക്രൈന് 1.5 ലക്ഷം ഡ്രോണുകൾ നൽകുമെന്ന് ബ്രിട്ടൻ

ഉക്രൈന് 1.5 ലക്ഷം ഡ്രോണുകൾ നൽകുമെന്ന് ബ്രിട്ടൻ

മോസ്‌കോയെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തലസ്ഥാനത്തേക്ക് നീങ്ങിയ 194 ഡ്രോണുകൾ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തുവെങ്കിലും ചില ഡ്രോണുകൾ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചതായി അധികൃതർ അറിയിച്ചു.

0

മോസ്‌കോയ്ക്കും പരിസര പ്രദേശങ്ങൾക്കും നേരെ യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നിന് പിന്നാലെ, വർഷാവസാനത്തോടെ 1.5 ലക്ഷം ഡ്രോണുകൾ യുക്രെയ്‌നിന് നൽകുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. ഏകദേശം 752 ദശലക്ഷം പൗണ്ട് (996 ദശലക്ഷം ഡോളർ) വിലമതിക്കുന്ന സൈനിക സഹായ പാക്കേജാണ് ബ്രസ്സൽസിൽ നടന്ന ഉക്രെയ്ൻ പ്രതിരോധ കോൺടാക്റ്റ് ഗ്രൂപ്പ് യോഗത്തിൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഡാൻ ജാർവിസ് പ്രഖ്യാപിച്ചത്.

ഡ്രോണുകൾക്കൊപ്പം മിസൈലുകൾ, റഡാർ സംവിധാനങ്ങൾ തുടങ്ങിയവയും ഉൾപ്പെടുന്ന സഹായ പാക്കേജിനാണ് ധനസഹായം ലഭിക്കുക. മരവിപ്പിച്ച റഷ്യൻ പരമാധികാര ആസ്തികളിൽ നിന്നുള്ള വരുമാനത്തിന്റെ പിന്തുണയോടെ യുക്രെയ്‌നിന് അനുവദിച്ച 2.26 ബില്യൺ പൗണ്ടിന്റെ വായ്പയിൽ നിന്നാണ് ഈ പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നത്. റഷ്യയ്‌ക്കെതിരായ സമ്മർദം തുടരുമെന്നും യുക്രെയ്‌നിന് പിന്തുണയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്സ് വ്യക്തമാക്കി.

അതേസമയം, മോസ്‌കോയെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തലസ്ഥാനത്തേക്ക് നീങ്ങിയ 194 ഡ്രോണുകൾ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തുവെങ്കിലും ചില ഡ്രോണുകൾ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചതായി അധികൃതർ അറിയിച്ചു.

മോസ്‌കോയിലെ കപോത്ന്യ ജില്ലയിലുള്ള എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ പതിഞ്ഞതിനെ തുടർന്ന് തീപിടിത്തമുണ്ടായി. കൂടാതെ നിരവധി പാർപ്പിട സമുച്ചയങ്ങൾ, വാഹനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. തീപിടിത്തത്തെ തുടർന്ന് ചില പ്രദേശങ്ങളിൽ കറുത്ത പൊടിമഴയും ദുർഗന്ധവും അനുഭവപ്പെട്ടതായി നാട്ടുകാർ പരാതിപ്പെട്ടു. ജനാലകൾ അടച്ചിടാനും അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനും അധികൃതർ നിർദേശം നൽകി.

ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 17 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മോസ്‌കോയിലെ വിമാനത്താവളങ്ങളിലും താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നിരവധി വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തു.

സംഭവത്തെ തുടർന്ന് ശക്തമായ പ്രതികരണവുമായി റഷ്യ രംഗത്തെത്തി. യുക്രെയ്ൻ സൈന്യത്തിന്റെ യുദ്ധശേഷിയെ നേരിട്ട് ബാധിക്കുന്ന ലക്ഷ്യങ്ങൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകി. പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന ആയുധങ്ങളും ധനസഹായവും രഹസ്യാന്വേഷണ പിന്തുണയും റഷ്യൻ പ്രദേശങ്ങളിലെ ആക്രമണങ്ങൾക്ക് ഉപയോഗിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യുകെ, യൂറോപ്യൻ യൂണിയൻ, നാറ്റോ അംഗരാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തുടർച്ചയായ സൈനിക സഹായം സംഘർഷം കൂടുതൽ രൂക്ഷമാക്കുകയാണെന്നും സമാധാന ചർച്ചകൾക്ക് തിരിച്ചടിയാകുകയാണെന്നും റഷ്യ ആവർത്തിച്ചു. അതേസമയം, യുക്രെയ്‌നിനെ പിന്തുണയ്ക്കുന്ന നിലപാടിൽ നിന്ന് പിന്മാറില്ലെന്ന സന്ദേശമാണ് പുതിയ സഹായ പ്രഖ്യാപനത്തിലൂടെ ബ്രിട്ടൻ നൽകുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.