ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ 2025-ന്റെ അവസാന പാദത്തിൽ കടുത്ത മന്ദത നേരിട്ടതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ 0.1 ശതമാനം വളർച്ച മാത്രമാണ് അവസാന മൂന്ന് മാസങ്ങളിൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയായ സേവന മേഖലയിൽ (Services sector) കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആദ്യമായി വളർച്ചാ മുരടിപ്പ് അനുഭവപ്പെട്ടു.
അതേസമയം, മാനുഫാക്ചറിംഗ് മേഖല നൽകിയ ചെറിയ ഉണർവ് മാത്രമാണ് സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ നിർമ്മാണ മേഖല (Construction sector) കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
2025 വർഷം മൊത്തത്തിൽ പരിശോധിക്കുമ്പോൾ 1.3 ശതമാനം വളർച്ചയാണ് ബ്രിട്ടൻ കൈവരിച്ചത്. ഇത് മുൻവർഷത്തെ 1.1 ശതമാനത്തേക്കാൾ കൂടുതലാണെങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരുന്ന 1.4 ശതമാനത്തേക്കാൾ കുറവാണ്. നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങൾ 2.1 ശതമാനം കുറഞ്ഞതാണ് പ്രധാന തിരിച്ചടിയായത്. അറ്റകുറ്റപ്പണികളുടെ കുറവും പുതിയ ഭവന നിർമ്മാണ പദ്ധതികളുടെ കുറവും ഈ മേഖലയെ പ്രതിസന്ധിയിലാക്കി. പ്രത്യേകിച്ച് സ്വകാര്യ പാർപ്പിട നിർമ്മാണ മേഖലയിലെ ഇടിവ് മൊത്തം ഉൽപ്പാദനത്തെ സാരമായി ബാധിച്ചു.
ബ്രിട്ടന്റെ സാമ്പത്തിക ഉൽപ്പാദനത്തിന്റെ 80 ശതമാനത്തിലധികം വരുന്ന സേവന മേഖലയിൽ പ്രകടമായ മുന്നേറ്റം ഉണ്ടായില്ല. ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവർ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോൾ പ്രൊഫഷണൽ, സയന്റിഫിക്, ടെക്നിക്കൽ മേഖലകൾ 1.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. നവംബറിലെ ബജറ്റുമായി ബന്ധപ്പെട്ട നികുതി പരിഷ്കാരങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം പല കമ്പനികളും പുതിയ നിക്ഷേപങ്ങളിൽ നിന്ന് വിട്ടുനിന്നത് തിരിച്ചടിയായി. എങ്കിലും സൈബർ ആക്രമണത്തിന് ശേഷം ജാഗ്വാർ ലാൻഡ് റോവർ ഉൽപ്പാദനം പുനരാരംഭിച്ചത് ആശ്വാസകരമായി.
സമ്പദ്‌വ്യവസ്ഥയിലെ ഈ മന്ദത രാഷ്ട്രീയ പോരിനും വഴിതുറന്നിട്ടുണ്ട്. ലേബർ ഗവൺമെന്റ് സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തിയെന്ന് ഷാഡോ ചാൻസലർ മെൽ സ്ട്രൈഡ് കുറ്റപ്പെടുത്തി. നവംബറിലെ ബജറ്റ് സാമ്പത്തിക വീണ്ടെടുപ്പിനെ തകിടം മറിച്ചുവെന്നാണ് ലിബറൽ ഡെമോക്രാറ്റുകളുടെ വിമർശനം. എന്നാൽ ജി7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന യൂറോപ്യൻ സമ്പദ്‌വ്യവസ്ഥ ബ്രിട്ടന്റേതാണെന്നും തങ്ങളുടെ സാമ്പത്തിക നയം ശരിയായ ദിശയിലാണെന്നും ചാൻസലർ റേച്ചൽ റീവ്സ് അവകാശപ്പെട്ടു. അതേസമയം ബിസിനസ് ഗ്രൂപ്പുകൾ നികുതി വർദ്ധനവിനെക്കുറിച്ചും ഉയരുന്ന ചെലവുകളെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ഭാവിയിലെ വളർച്ചാ നിരക്ക് 1.2 ശതമാനത്തിൽ നിന്ന് 0.9 ശതമാനമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ചിൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ചില സാമ്പത്തിക വിദഗ്ധർ പ്രവചിക്കുമ്പോൾ, പണപ്പെരുപ്പം കുറയുന്നതിനായി കൂടുതൽ കാലം കാത്തിരിക്കണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. നാഷണൽ ഇൻഷുറൻസ് വിഹിതത്തിലുണ്ടായ വർദ്ധനവ് പുതിയ തൊഴിലാളികളെയും അപ്രന്റീസുകളെയും നിയമിക്കുന്നതിൽ നിന്ന് ചെറുകിട ബിസിനസ് ഉടമകളെ പിന്നോട്ട് വലിക്കുന്നുണ്ട്.



