Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
യുഎഇയിൽ ബസ് അപകടം; 13 മരണം, 14 പേർക്ക് പരിക്ക്, മരിച്ചവരിൽ ഇന്ത്യക്കാരും | Nalamidam
25 November 2026
Home News International യുഎഇയിൽ ബസ് അപകടം; 13 മരണം, 14 പേർക്ക് പരിക്ക്, മരിച്ചവരിൽ ഇന്ത്യക്കാരും

യുഎഇയിൽ ബസ് അപകടം; 13 മരണം, 14 പേർക്ക് പരിക്ക്, മരിച്ചവരിൽ ഇന്ത്യക്കാരും

വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും ഈ അപകടങ്ങൾ ഓർമിപ്പിക്കുന്നു

14

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ പാസഞ്ചർ ബസും റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. നവംബർ 24 ചൊവ്വാഴ്ച പുലർച്ചെ അൽ വതൻ റോഡിലായിരുന്നു അപകടം. മരിച്ചവരിൽ ഇന്ത്യൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.

അപകടസമയത്ത് 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഭാരമേറിയ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടവിവരം ലഭിച്ചയുടൻ യുഎഇയിലെ അടിയന്തര രക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റി. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരമനുസരിച്ച് അപകടത്തിൽ ആദ്യം 11 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതോടെയാണ് മരണസംഖ്യ 13 ആയി ഉയർന്നത്. പരിക്കേറ്റ 14 പേർക്ക് ആശുപത്രികളിൽ ചികിത്സ തുടരുകയാണ്.

സംഭവത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരിലും അപകടത്തിൽപ്പെട്ടവരിലും ഇന്ത്യൻ പൗരന്മാരുണ്ടെന്ന് കോൺസുലേറ്റ് അറിയിച്ചു. ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാരുടെയും മരിച്ചവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുമായി അധികൃതർ ആശയവിനിമയം നടത്തുന്നുണ്ട്. കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനായി യുഎഇയിലെ പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയാണെന്നും കോൺസുലേറ്റ് വ്യക്തമാക്കി.

എന്നാൽ അപകടത്തിൽ എത്ര ഇന്ത്യക്കാർ മരിച്ചുവെന്നോ എത്ര പേർക്ക് പരിക്കേറ്റുവെന്നോ ഉള്ള കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ദുരിതബാധിത കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിനായി ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 800-46342 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കോൺസുലേറ്റ് അറിയിച്ചു.

യുഎഇയിലെ ഫുജൈറയിൽ അടുത്തിടെ ഉണ്ടായ മറ്റൊരു വൻ വാഹനാപകടത്തിന് പിന്നാലെയാണ് റാസൽഖൈമയിലെ ദുരന്തവും. ഫുജൈറയിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിച്ചിരുന്നു. മരിച്ചവരിൽ നാല് ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു.

തുടർച്ചയായുണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾ യുഎഇയിലെ റോഡ് സുരക്ഷയെക്കുറിച്ചും പ്രവാസികളുടെ യാത്രാസുരക്ഷയെക്കുറിച്ചും വീണ്ടും ആശങ്ക ഉയർത്തുകയാണ്. വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും ഈ അപകടങ്ങൾ ഓർമിപ്പിക്കുന്നു.