...
Home News 2,800 വർഷം മുമ്പേ ലഹരിക്കായി കഞ്ചാവ് ഉപയോഗിച്ചിരുന്നു; പുതിയ തെളിവുകളുമായി പഠനം

2,800 വർഷം മുമ്പേ ലഹരിക്കായി കഞ്ചാവ് ഉപയോഗിച്ചിരുന്നു; പുതിയ തെളിവുകളുമായി പഠനം

കഞ്ചാവിലെ പ്രധാന ലഹരിപദാർഥമായ ടെട്രാഹൈഡ്രോകണ്ണാബിനോൾ (ടിഎച്ച്സി), കന്നാബിനോൾ എന്നിവയുടെ സാന്നിധ്യം മുടി സാമ്പിളുകളിൽ സ്ഥിരീകരിച്ചു.

317

മനുഷ്യർ ലഹരിക്കായി കഞ്ചാവ് ഉപയോഗിച്ചു തുടങ്ങിയ കാലത്തെക്കുറിച്ചുള്ള മുൻകാല അനുമാനങ്ങളെ തിരുത്തി പുതിയ പഠനം. ഏകദേശം 2,800 വർഷങ്ങൾക്ക് മുമ്പ് സൈബീരിയയിലെ പുരാതന നാടോടി സമൂഹമായ സിഥിയൻമാർ കഞ്ചാവ് ലഹരിക്കായി ഉപയോഗിച്ചിരുന്നതായി ഗവേഷകർ കണ്ടെത്തി. മുൻപ് കരുതിയിരുന്നതിനേക്കാൾ 300 വർഷം മുമ്പുതന്നെ കഞ്ചാവിന്റെ ലഹരി ഉപയോഗം നിലനിന്നിരുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

തെക്കൻ സൈബീരിയയിലെ ഉയുക് താഴ്‌വരയിലുള്ള ‘ടുന്നങ്-1’ എന്ന പുരാതന ശ്മശാനത്തിൽ നിന്നാണ് നിർണായക തെളിവുകൾ ലഭിച്ചത്. യുറേഷ്യൻ സ്റ്റെപ്പുകളിൽ കുതിരപ്പുറത്ത് സഞ്ചരിച്ച് ജീവിച്ചിരുന്ന സിഥിയൻ സമൂഹത്തിലെ ആളുകളുടെ ശവകുടീരത്തിൽ സ്വർണാഭരണങ്ങൾ, മൃഗങ്ങളുടെ പ്രതിമകൾ, കഠാരകൾ, മനുഷ്യാവശിഷ്ടങ്ങൾ എന്നിവയ്‌ക്കൊപ്പം നൂറുകണക്കിന് കഞ്ചാവ് വിത്തുകളും കണ്ടെത്തി. ഇവിടെനിന്ന് ലഭിച്ച മുടിയുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ഉപയോഗത്തിന്റെ തെളിവുകൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്.

കഞ്ചാവിലെ പ്രധാന ലഹരിപദാർഥമായ ടെട്രാഹൈഡ്രോകണ്ണാബിനോൾ (ടിഎച്ച്സി), കന്നാബിനോൾ എന്നിവയുടെ സാന്നിധ്യം മുടി സാമ്പിളുകളിൽ സ്ഥിരീകരിച്ചു. ഗവേഷണഫലങ്ങൾ ‘സയൻസ്’ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ജർമനിയിലെ ജെനയിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോആന്ത്രോപോളജിയിലെ പുരാവസ്തു ഗവേഷകൻ ജിനോ കാസ്പാരിയുടെ നേതൃത്വത്തിലുള്ള സംഘം 2017 മുതൽ ഈ ശ്മശാനത്തിൽ ഖനനം നടത്തിവരികയാണ്.

കഞ്ചാവ് ഉപയോഗം അക്കാലത്ത് സാധാരണ ജീവിതത്തിന്റെ ഭാഗമായിരുന്നില്ലെന്നും പ്രത്യേക ആചാരങ്ങളുമായി ബന്ധപ്പെട്ടിരുന്നതാകാമെന്നുമാണ് ഗവേഷകരുടെ നിഗമനം. ഷാമനിക് വിശ്വാസങ്ങളുടെയും ആത്മീയ ചടങ്ങുകളുടെയും ഭാഗമായിട്ടാകാം ഇത് ഉപയോഗിച്ചിരുന്നതെന്ന് അവർ കരുതുന്നു. ശവകുടീരത്തിൽ ബലിയർപ്പിക്കപ്പെട്ടതായി കരുതുന്ന നിരവധി കുതിരകളുടെയും മനുഷ്യബലിയുടെയും തെളിവുകളുണ്ട്. യാഗത്തിന് മുമ്പ് ഇരകളെ ലഹരിയിലാക്കാൻ കഞ്ചാവ് ഉപയോഗിച്ചിരിക്കാമെന്ന സാധ്യതയും കാസ്പാരി മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ ഇതിന് വ്യക്തമായ തെളിവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എണ്ണസമൃദ്ധമായ വിത്തുകൾക്കായി കിഴക്കൻ ഏഷ്യയിൽ കുറഞ്ഞത് 6,000 വർഷങ്ങൾക്ക് മുമ്പ് കഞ്ചാവ് കൃഷി ചെയ്തിരുന്നതായി തെളിവുകളുണ്ട്. എന്നാൽ മനുഷ്യർ അതിന്റെ ലഹരിഗുണങ്ങൾ ആദ്യമായി ഉപയോഗിച്ചത് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. പുതിയ പഠനം ഈ ചരിത്രത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.