...
Home News Kerala ‘ധർമസ്ഥലയുമായി ബന്ധപ്പെട്ട വീഡിയോക്ക് ലൈക്ക് അടിച്ചതിനാണ് കേസ്: മനാഫ്

‘ധർമസ്ഥലയുമായി ബന്ധപ്പെട്ട വീഡിയോക്ക് ലൈക്ക് അടിച്ചതിനാണ് കേസ്: മനാഫ്

ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ്

333

മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ലോറി ഉടമ മനാഫ്. താൻ മതസ്‌പർദ്ധ വളർത്തിയിട്ടില്ലെന്നും ധർമസ്ഥലയുമായി ബന്ധപ്പെട്ട ഒരു വീഡിയോക്ക്‌ ലൈക്ക് അടിച്ചതിനാണ് കേസ് ചുമത്തിയതെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.

മല്ലു മാർട്ട് ട്രാവലിങ് എന്ന ആളുടെ ഒരു യൂട്യൂബ് വീഡിയോയുടെ താഴെ ലൈക്ക് അടിച്ചതിനാണ് തനിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ആയിരകണക്കിന് ആളുകൾ ലൈക്ക് ചെയ്‌ത വീഡിയോ ആണത്. അതിൽ എനിക്കെതിരെ മാത്രം കേസ് എടുത്തത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് കരുതുന്നത്. വീഡിയോ ചെയ്‌ത മല്ലു മാർട്ടിനെ അറിയില്ലെന്നും മനാഫ് പറഞ്ഞു.

മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാണ് കിട്ടിയ നിർദേശം. ജൂലൈയിലാണ് എഫ്‌ഐആർ ഇട്ടത് എന്നാൽ രണ്ട് മാസത്തിനു ശേഷമാണ് അതിൻ്റെ കോപ്പി തൻ്റെ കൈയിൽ കിട്ടിയതെന്നും മനാഫ് പറഞ്ഞു. കേസിൽ രണ്ടാം പ്രതിയാണ് മനാഫ്.

ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തിയാണ് ഉഡുപ്പി ടൗൺ പൊലീസ് എഫ്ഐആർ ഇട്ടത്. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്. ധർമ്മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങൾക്ക് എതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ധർമസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ മനാഫ് പങ്കുവെച്ചിരുന്നു. വെളിപ്പെടുത്തലുകൾ വ്യാജമാണെന്ന വാർത്ത വന്നതിന് പിന്നാലെ ഒളിവിൽ പോയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു. കേരളത്തിലെ ആൾക്കാരെ വിഷയം അറിയിച്ചു. ഇതാണ് താൻ ചെയ്‌ത തെറ്റ് എന്നായിരുന്നു മനാഫ് നേരത്തെ പറഞ്ഞത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് പറഞ്ഞിരുന്നു.

ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചു മൂടിയിട്ടുണ്ടെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവാദങ്ങൾ ഉടലെടുത്തത്. കുഴിച്ചിട്ട മൃതദേഹത്തിൻ്റെ അസ്ഥിയടക്കം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയായിരുന്നു ശുചീകരണ തൊഴിലാളിയായ സിഎൻ ചിന്നയ്യ പൊലീസിൽ പരാതി നൽകിയത്.

ഇതിന് പിന്നാലെയാണ് ധർമ്മസ്ഥലയിൽ നിരവധി പേരെ കാണാതായതായി പരാതികളും ആരോപണങ്ങളുമെല്ലാം ഉയർന്നിരുന്നു. പിന്നാലെ കർണാടക സർക്കാർ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.