...
Home News Kerala ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; വിധി പ്രസ്‌താവത്തിൽ “Love you to the moon...

ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; വിധി പ്രസ്‌താവത്തിൽ “Love you to the moon and back” വരികൾ പരാമർശിച്ച് കോടതി

‘നിന്നെ ഞാൻ ചന്ദ്രനോളം പോയി തിരികെ വരും വരെ സ്നേഹിക്കുന്നു’

283

കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ വിധി പ്രസ്‌താവത്തിൽ “Love you to the moon and back” വരികൾ പരാമർശിച്ച് കോടതി. കുഞ്ഞുങ്ങളോടുള്ള അമ്മയുടെ സ്നേഹം അനന്തമെന്ന് കോടതി പറഞ്ഞു. അമിതമായ സ്നേഹം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രശസ്തമായ ഇംഗ്ലീഷ് പ്രയോഗമാണ് ഇത്. ‘നിന്നെ ഞാൻ ചന്ദ്രനോളം പോയി തിരികെ വരും വരെ സ്നേഹിക്കുന്നു’ (അതായത് പരിധിയില്ലാത്ത സ്നേഹം) എന്ന് ആണ് ഇത് അർത്ഥമാക്കുന്നത്. ഈ വാചകം 1994ൽ പുറത്തിറങ്ങിയ “Guess How Much I Love You” എന്ന കുട്ടികളുടെ പുസ്‌തകത്തിൽ നിന്നാണ് പ്രചാരത്തിലായത്.

കേസിൽ അമ്മ ശരണ്യക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. തളിപ്പറമ്പ് അഡീഷണൽ ജില്ല കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അമ്മ കുറ്റക്കാരിയെന്ന് ക‍ഴിഞ്ഞ തിങ്കളാ‍ഴ്‌ച കോടതി കണ്ടെത്തിയിരുന്നു.

2020 ഫെബ്രുവരി 17ന് ആയിരുന്നു അത്യന്തം ദാരുണമായ കൊലപാതകം നടന്നത്. ഒന്നര വയസുകാരനായ വിയാനെ ആണ് ‘അമ്മ ശരണ്യ കടലിൽ എറിഞ്ഞു കൊന്നത്. കേസിൽ പ്രതിചേർക്കപ്പെട്ട ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടിരുന്നു. ശരണ്യയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്ന ഭർത്താവ് പ്രണവിനെ തലേദിവസം, ശരണ്യ വീട്ടിലേക്ക്‌ വിളിച്ചു വരുത്തിയിരുന്നു.

കൊലപാതകത്തിന് പിന്നിൽ പ്രണവാണെന്ന പ്രചാരണവുമുണ്ടായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്‌ കുട്ടിയുടെ മരണത്തിന് പിന്നിൽ ശരണ്യയാണെന്നു തെളിഞ്ഞത്. സുഹൃത്തായ നിധിനൊപ്പം ജീവിക്കാൻ, പ്രണവിനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ രാത്രി എടുത്തുകൊണ്ടു പോയി കൊലപ്പെടുത്തുക ആയിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്‌തരിക്കുകയും 84 രേഖകളും 19 ഭ‍ൗതിക തെളിവുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്‌തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.