...
Home News National ജാതി സംഘങ്ങൾ കർണാടകയിൽ അധികാര തർക്കത്തിലേക്ക്

ജാതി സംഘങ്ങൾ കർണാടകയിൽ അധികാര തർക്കത്തിലേക്ക്

സിദ്ധരാമയ്യ- ശിവകുമാർ എന്നിവരുൾപ്പെടെ തിരഞ്ഞെടുത്ത നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ഖാർഗെ

245

കർണാടകയിൽ നടന്നു കൊണ്ടിരിക്കുന്ന അധികാര പോരാട്ടത്തിന് പുതിയൊരു വഴിത്തിരിവായി, മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും പിന്തുണക്കുന്ന ജാതി ഗ്രൂപ്പുകൾ വ്യാഴാഴ്‌ച അവരുടെ പിന്തുണ പ്രഖ്യാപിച്ചു. ഒരു സമുദായം നിലവിലെ മുഖ്യമന്ത്രിയെ സ്ഥാന ഭ്രഷ്‌ടനാക്കരുതെന്ന് കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയപ്പോൾ മറുവിഭാഗം ശിവകുമാറിൻ്റെ സ്ഥാന കയറ്റത്തിനായി ശക്തമായി വാദിച്ചു.

തർക്കം അവസാനിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം വർദ്ധിക്കുന്ന സാഹചര്യത്തിൽ, രാഹുൽ ഗാന്ധി, സിദ്ധരാമയ്യ- ശിവകുമാർ എന്നിവരുൾപ്പെടെ തിരഞ്ഞെടുത്ത നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് പാർട്ടി മേധാവി മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

അതേസമയം, സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര തൻ്റെ പിതാവ് അഞ്ച് വർഷത്തെ കാലാവധിയുടെ മധ്യത്തിൽ രാജിവെക്കേണ്ട ഒരു കാരണവുമില്ലെന്നും, അദ്ദേഹം യാതൊരു കുറ്റവുമില്ലാതെ മികച്ച ഭരണം കാഴ്‌ച വെക്കുന്നുണ്ടെന്നും പാർട്ടി എംഎൽഎമാരുടെ പിന്തുണയും അദ്ദേഹത്തിന് ഉണ്ടെന്നും പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉൾപ്പെട്ട പാർട്ടി മുതിർന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ ജി പരമേശ്വര, പാർട്ടി ഹൈക്കമാൻഡ് ഒരു ആഴ്‌ചക്കുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നിരുന്നാലും, തൻ്റെ അനുഭവ പരിചയവും കഴിവും കണക്കിലെടുത്ത് ഉന്നത സ്ഥാനം ഏൽപ്പിച്ചാൽ ജനങ്ങളെ സേവിക്കാനും കോൺഗ്രസ് പ്രത്യയ ശാസ്ത്രത്തിന് അനുസൃതമായി ജീവിക്കാനും അദ്ദേഹം ഉറപ്പ് നൽകി.

സിദ്ധരാമയ്യ തൻ്റെ ഡെപ്യൂട്ടിക്ക് വഴിമാറി കൊടുക്കാൻ നിർബന്ധിതനായാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അഹിന്ദ (ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ദളിത് സമുദായങ്ങൾ എന്നിവയുടെ കന്നഡ ചുരുക്കെഴുത്ത്) എന്ന ഗ്രൂപ്പ് കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയപ്പോൾ ശിവകുമാറിനോട് ഒരു അനീതിയും കാണിക്കരുതെന്ന് ഒരു വൊക്കലിംഗ സംഘടന പറഞ്ഞു.

അഹിന്ദയാണ് സിദ്ധരാമയ്യയുടെ പ്രധാന മണ്ഡലം, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ശിവകുമാർ, കെംഗൽ ഹനുമന്തയ്യ, കെ.സി. റെഡ്ഡി, എച്ച്.ഡി. ദേവഗൗഡ, എസ്.എം കൃഷ്‌ണ, സദാനന്ദഗൗഡ, എച്ച്.ഡി. കുമാരസ്വാമി എന്നിവർ സംസ്ഥാനത്തിൻ്റെ ഉന്നത പദവികൾ വഹിച്ചിട്ടുള്ള വൊക്കലിഗയിലെ പ്രബല കർഷക സമൂഹത്തിൽ പെട്ടയാളാണ്.

മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കുന്ന ശിവകുമാറിന് എതിരെ അനീതി നടന്നാൽ ശക്തമായി പോരാടുമെന്ന് കർണാടക രാജ്യ വൊക്കലിഗര സംഘം കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നറിയിപ്പ് നൽകി.

അതേസമയം, പ്രശ്‌നം പരിഹരിക്കുന്നതിനായി ഉന്നത നേതാവ് രാഹുൽ ഗാന്ധിയെയും ബന്ധപ്പെട്ട നേതാക്കളെയും ഉൾപ്പെടുത്തി ചർച്ച നടത്തുമെന്ന് ഖാർഗെ പറഞ്ഞു.

“ഡൽഹിയിൽ പോയതിനുശേഷം, ഞാൻ മൂന്ന്- നാല് പ്രധാന നേതാക്കളെ വിളിച്ച് ചർച്ച ചെയ്യും. ചർച്ചക്ക് ശേഷം, എങ്ങനെ മുന്നോട്ട് പോകണമെന്ന് ഞങ്ങൾ പറയും; അതുവഴി ആശയക്കുഴപ്പം അവസാനിപ്പിക്കും,” ഖാർഗെ ബെംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

“ഞാൻ എല്ലാവരെയും വിളിച്ച് ചർച്ച ചെയ്യും. രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളും ഇതിൽ പങ്കാളികളാകും. എല്ലാവരുമായും ചർച്ച ചെയ്‌ത ശേഷം തീരുമാനമെടുക്കും,” -അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കമാൻഡ് എന്നാൽ ഒരു വ്യക്തിയല്ല, ഒരു ടീമാണെന്നാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി മേധാവി പറഞ്ഞതെന്നും “ഞങ്ങളുടെ ഹൈക്കമാൻഡ് ടീം ഈ വിഷയത്തിൽ ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കും,” -അദ്ദേഹം കൂട്ടിച്ചേർത്തു.

ഖാർഗെയുടെ പ്രസ്‌താവനയോട് പ്രതികരിച്ചു കൊണ്ട്, ക്ഷണിച്ചാൽ ഡൽഹിയിലേക്ക് പറക്കുമെന്ന് സിദ്ധരാമയ്യയും ശിവകുമാറും പറഞ്ഞു. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര തൻ്റെ പിതാവ് കാലാവധി പൂർത്തിയാക്കുമെന്ന് പറഞ്ഞു.

ഒരു പാർട്ടി പ്രവർത്തകനും എം‌എൽ‌സിയും എന്ന നിലയിൽ, മുഖ്യമന്ത്രിക്ക് എതിരെ ഒരു പരാതിയും ഇല്ലാത്തതിനാലോ, അദ്ദേഹം ഒരു അഴിമതിയിലും ഉൾപ്പെട്ടിട്ടില്ലാത്തതിനാലോ മുഖ്യമന്ത്രി മാറ്റത്തിന് ഒരു സാഹചര്യം കാണുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

“അദ്ദേഹം മികച്ച ഭരണം കാഴ്‌ച വെക്കുന്നുണ്ട്. എംഎൽഎമാരും അദ്ദേഹത്തെ പിന്തുണക്കുന്നു. അതിനാൽ, മാറ്റത്തിൻ്റെ ആവശ്യകത ഞാൻ കാണുന്നില്ല. എന്നാൽ ചിലർ മറ്റൊരാൾക്ക് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നു. അത് ഹൈക്കമാൻഡ് തീരുമാനിക്കണം. നമ്മുടെ അഭിപ്രായം പങ്കുവെക്കുന്നത് നമ്മുടെ ഭാഗത്തുനിന്ന് ശരിയാകില്ല. ഹൈക്കമാൻഡിൻ്റെ തീരുമാനം എല്ലാവരും അനുസരിക്കും,” -അദ്ദേഹം മൈസൂരുവിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

-ഉറവിടം: പിടിഐ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.