...
Home News National പഴയ ഡീസൽ വണ്ടികൾ ഇനി പൊളിക്കേണ്ട; മലിനീകരണം 90% കുറയ്ക്കാൻ പുതിയ ഉപകരണവുമായി കേന്ദ്രം

പഴയ ഡീസൽ വണ്ടികൾ ഇനി പൊളിക്കേണ്ട; മലിനീകരണം 90% കുറയ്ക്കാൻ പുതിയ ഉപകരണവുമായി കേന്ദ്രം

വളരെ കുറഞ്ഞ ചിലവിലുള്ള ഈ സാങ്കേതികവിദ്യ ലഭ്യമാകുന്നതോടെ, വലിയ തുക മുടക്കി പുതിയ വണ്ടികൾ വാങ്ങാനോ നിലവിലുള്ള പഴയ വാഹനങ്ങൾ പൊളിച്ചു കളയാനോ കഴിയാത്ത സാധാരണക്കാരായ ഡീസൽ വാഹന ഉടമകൾക്ക് ഇത് വലിയൊരു ആശ്വാസമായി മാറും.

5

പഴയ ഡീസൽ വാഹനങ്ങളിലെ മലിനീകരണം 90 ശതമാനം വരെ കുറയ്ക്കാനായി ഡൽഹി ഐഐടി വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യയ്ക്ക് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ പച്ചക്കൊടി. ഇതോടെ പഴയ ഡീസൽ ട്രക്കുകളും ബസുകളും ഒഴിവാക്കാതെ തന്നെ മലിനീകരണം വൻതോതിൽ കുറയ്ക്കാനാകും. ‘റെട്രോ ഫിറ്റ് എമിഷൻ കൺട്രോൾ ഡിവൈസ്’ (RECD) എന്ന് പേരിട്ടിരിക്കുന്ന കുറഞ്ഞ ചെലവിലുള്ള ഈ മലിനീകരണ നിയന്ത്രണ ഉപകരണം പഴയ വാഹനങ്ങളിൽ ഘടിപ്പിക്കാൻ സർക്കാർ അനുമതി നൽകും. ആവശ്യമായ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഈ സാങ്കേതികവിദ്യയ്ക്ക് കേന്ദ്രം പച്ചക്കൊടി വീശിയിരിക്കുന്നത്.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അദ്ദേഹം പങ്കുവെച്ച വിവരങ്ങളനുസരിച്ച്, ഈ ഉപകരണം (RECD) ഘടിപ്പിക്കുന്നതിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന മലിനീകരണ തോതിൽ വലിയ കുറവുണ്ടാകും. വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പാർട്ടിക്കുലേറ്റ് മാറ്റർ (PM) 90 ശതമാനം വരെയും, നൈട്രജൻ ഓക്സൈഡ് മലിനീകരണം 60 ശതമാനം വരെയും കുറയ്ക്കാൻ ഈ ഉപകരണം സഹായിക്കും.

ബിഎസ്-3 (BS-III), ബിഎസ്-4 (BS-IV) എന്നിവയ്ക്കും അതിനേക്കാൾ പഴയതുമായ ഡീസൽ വാഹനങ്ങളിൽ ഇത് ഘടിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇതോടെ ഇത്തരം പഴയ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിലവിലെ ഉയർന്ന മാനദണ്ഡമായ ബിഎസ്-6 (BS-VI) വാഹനങ്ങൾക്ക് തുല്യമായ അളവിലേക്ക് എത്തിക്കാൻ സാധിക്കും.

സാധാരണക്കാരായ വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്താത്ത രീതിയിലാണ് ഈ പുതിയ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ഈ ഉപകരണത്തിന്റെ (RECD) വിപണിയിലെ പ്രതീക്ഷിക്കുന്ന വില വെറും 4,000 രൂപ മുതൽ 5,000 രൂപ വരെ മാത്രമാണ്. വളരെ കുറഞ്ഞ ചിലവിലുള്ള ഈ സാങ്കേതികവിദ്യ ലഭ്യമാകുന്നതോടെ, വലിയ തുക മുടക്കി പുതിയ വണ്ടികൾ വാങ്ങാനോ നിലവിലുള്ള പഴയ വാഹനങ്ങൾ പൊളിച്ചു കളയാനോ കഴിയാത്ത സാധാരണക്കാരായ ഡീസൽ വാഹന ഉടമകൾക്ക് ഇത് വലിയൊരു ആശ്വാസമായി മാറും.

ഈ സാങ്കേതികവിദ്യ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ‘ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് 228’ (AIS-228) ഉടൻതന്നെ വിജ്ഞാപനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇതിലെ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ ഇവ വാഹനങ്ങളിൽ ഘടിപ്പിക്കാൻ അനുമതി നൽകുകയുള്ളൂ. വായു മലിനീകരണം വൻതോതിൽ കുറയ്ക്കുന്നതോടൊപ്പം പഴയ ഡീസൽ വാഹനങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും ഈ പുതിയ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.