...
Home News National കേന്ദ്രസർക്കാർ ഡ്രോണ്‍ സര്‍വേ അവസാന ഘട്ടത്തില്‍; 2.95 ലക്ഷം ഗ്രാമങ്ങളിൽ പൂര്‍ത്തിയായി

കേന്ദ്രസർക്കാർ ഡ്രോണ്‍ സര്‍വേ അവസാന ഘട്ടത്തില്‍; 2.95 ലക്ഷം ഗ്രാമങ്ങളിൽ പൂര്‍ത്തിയായി

പ്രധാനമന്ത്രിയുടെ സൂര്യ ഘർ യോജന, ആവാസ് യോജന തുടങ്ങിയ പ്രധാന പദ്ധതികളെ ഇത് ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ

183

ന്യൂഡൽഹി: കോവിഡ് സമയത്ത് ആരംഭിച്ച കേന്ദ്രത്തിൻ്റെ പ്രധാന പദ്ധതികളിലൊന്നായ ഭൂമിയുടെ ഡ്രോൺ സർവേ അവസാന ഘട്ടത്തിലേക്കെന്ന് റിപ്പോർട്ട്. രാജ്യത്തെ ജനവാസ മേഖലകളിലുള്ള ഭൂവിനിയോഗം, വീടുകളുടെ ഘടന എന്നിവയെക്കുറിച്ചുള്ള വിപുലമായ വിവരങ്ങൾ ഇതിലൂടെ കേന്ദ്രസർക്കാരിന് ലഭ്യമാകും. ഇതിനോടകം 25,000 ഗ്രാമങ്ങളുടെ പൂർണ്ണവിവരങ്ങൾ സർക്കാർ ശേഖരിച്ചിട്ടുണ്ടെന്നും 3.20 ലക്ഷം ഗ്രാമങ്ങളിൽ സർവേ പുരോഗമിക്കുകയാണ്.

തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ബിഹാർ, നാഗാലാൻഡ്, മേഘാലയ എന്നിവയുൾപ്പെടെ ചില സംസ്ഥാനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായിട്ടില്ല. തുടക്കത്തിൽ ജാർഖണ്ഡ് സര്‍വേയില്‍ ഉൾപ്പെട്ടിരുന്നെങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു.

2.95 ലക്ഷം ഗ്രാമങ്ങളിൽ ഡ്രോൺ സർവേ പൂർത്തിയാക്കിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവരങ്ങൾ ശേഖരിക്കുന്നതിനായി ഏകദേശം 250 ഡ്രോണുകളും AI- യും (നിർമ്മിത ബുദ്ധി) ഉപയോഗപ്പെടുത്തി. പഞ്ചായത്തിരാജ് മന്ത്രാലയത്തിന് കീഴിലാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

“കോവിഡ് സമയത്ത് ആരംഭിച്ച ഈ സംരംഭം ഇപ്പോൾ നഗര -ഗ്രാമീണ വീടുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നു.,” -മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സൂര്യ ഘർ യോജന, ആവാസ് യോജന തുടങ്ങിയ പ്രധാന പദ്ധതികളെ ഇത് ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. കൂടാതെ ആർക്കൊക്കെ ഏതുതരം വീടുണ്ടെന്നും എത്ര സ്ഥലമുണ്ടെന്നും സൂര്യ ഘർ യോജനയ്ക്ക് കീഴില്‍ സോളാർ പാനലുകൾ സ്ഥാപിക്കാൻ ഇത് പര്യാപ്തമാണോ എന്നും ഇതിലൂടെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെന്നും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

“ഇത് ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലേക്കുള്ള ഒരു മുന്നേറ്റമാണ്. വിവിധ മന്ത്രാലയങ്ങൾക്ക് നയരൂപീകരണത്തിനും വിവിധ പദ്ധതികളെക്കുറിച്ച് കൂടുതൽ ആസൂത്രണം ചെയ്യുന്നതിനായി ഈ വിവരങ്ങൾ ഉപയോഗപ്പെടുത്താം,” മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു ലാൻഡ് ആൻഡ് ഡാറ്റ കൺസൾട്ടൻ്റ് പറഞ്ഞു.

അതേസമയം ഗ്രാമീണർക്ക് പ്രോപ്പർട്ടി കാർഡുകളോ മറ്റ് അവകാശങ്ങളുടെ രേഖകളോ നൽകാനാണ് ഈ പദ്ധതിയിലൂടെ തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്നത്. ഇപ്പോൾ സമാഹരിച്ച ഈ വിവരങ്ങൾ നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾക്കായി ഉപയോഗപ്പെടുത്താനും സാധിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.