കോക്രോച്ച് ജനതാപാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നിയമപരമായ സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഹർജി സുപ്രീം കോടതി ചെവ്വാഴ്‌ച പരിഗണിക്കും.
ഭരണഘടനയുടെ 142-ാം അനുച്ഛേദം വഴി സുപ്രീം കോടതിക്ക് ലഭിക്കുന്ന സവിശേഷാധികാരം ഉപയോഗിച്ച് കേസുകൾ റദ്ദാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിഷയം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഡൽഹിയിൽ ശനിയാഴ്ച സി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.
ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 2,873 പേരെ ഒഴിവാക്കിക്കൊണ്ട് എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നാണ് ആവശ്യം. അതേസമയം, ശനിയാഴ്ച നടക്കാനിരിക്കുന്ന സി.ജെ.പി പ്രതിഷേധം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. സമാധാനപരമായ പ്രതിഷേധങ്ങൾ വിലക്കാനാവില്ലെന്നും, പരാതിയുള്ളവർക്ക് ഡൽഹി പോലീസിനെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
സെപ്റ്റംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താനാണ് സി.ജെ.പിയുടെ തീരുമാനം. പോലീസ് അതിക്രമങ്ങളിൽ പരിക്കേറ്റവരും ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും മാർച്ചിൽ പങ്കെടുക്കും. രാജ്യത്തെ യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
പ്രതിഷേധക്കാർക്കും വിദ്യാർത്ഥികൾക്കുമെതിരെയുള്ള എഫ്.ഐ.ആറുകൾ പിൻവലിക്കുക, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.


