Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
കെഎം ഷാജിയുടെ പ്രാഗ് യാത്രയിൽ കേന്ദ്ര അന്വേഷണം; യാത്രാ ഉദ്ദേശ്യം പരിശോധിക്കും | Nalamidam
14 October 2026
Home News Kerala കെഎം ഷാജിയുടെ പ്രാഗ് യാത്രയിൽ കേന്ദ്ര അന്വേഷണം; യാത്രാ ഉദ്ദേശ്യം പരിശോധിക്കും

കെഎം ഷാജിയുടെ പ്രാഗ് യാത്രയിൽ കേന്ദ്ര അന്വേഷണം; യാത്രാ ഉദ്ദേശ്യം പരിശോധിക്കും

യാത്രയുടെ ഉദ്ദേശ്യവും അനുമതി സംബന്ധിച്ച കാര്യങ്ങളും സംബന്ധിച്ച് കെ എം ഷാജിയുടെ വിശദീകരണം നിർണായകമാകും

12

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്രയിൽ അന്വേഷണം ആരംഭിച്ച് കേന്ദ്രസർക്കാർ. യാത്രയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചതായാണ് റിപ്പോർട്ട്. ചെക്ക് റിപ്പബ്ലിക്കിലേക്ക് നടത്തിയ യാത്രയുടെ ഉദ്ദേശ്യവും ക്രിമിനൽ കേസുകളിലെ പ്രതികളുടെ സാന്നിധ്യവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ അനുമതിയില്ലാതെയാണ് കെ എം ഷാജി ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് സന്ദർശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഒന്നിലധികം ദിവസം മന്ത്രി അവിടെ ചെലവഴിച്ചിട്ടുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ വിവിധ ദിവസങ്ങളിൽ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചതും ഇതുസംബന്ധിച്ച സംശയങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 16 മുതൽ 26 വരെയായിരുന്നു മന്ത്രിയുടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര. ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ്, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് കെ എം ഷാജിക്ക് അനുമതി ലഭിച്ചിരുന്നതെന്നാണ് വിവരം. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ പ്രാഗിലെത്തിയെന്ന ആരോപണമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

യാത്രയിൽ ദുരൂഹതയെന്ന് പി രാജീവ്

കെ എം ഷാജിയുടെ ചെക്ക് റിപ്പബ്ലിക് യാത്രയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് മുൻ മന്ത്രി പി രാജീവ് ആരോപിച്ചു. മറ്റ് മന്ത്രിമാർ അനുമതി വാങ്ങിയും വാങ്ങാതെയും വിദേശയാത്ര നടത്തിയിട്ടുണ്ടോയെന്ന കാര്യങ്ങളും പുറത്തുവരാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

താൻ സഞ്ചരിക്കുന്നതാണ് മന്ത്രിയുടെ വാഹനമെന്ന നിലപാടാണ് കെ എം ഷാജിയുടേതെന്നും അതിനാൽ താൻ പോകുന്നിടത്തെല്ലാം അനുമതി ലഭിക്കുമെന്നാണ് മന്ത്രി കരുതിയതെന്നും പി രാജീവ് പരിഹസിച്ചു.

വിദേശയാത്രകളിൽ പൊളിറ്റിക്കൽ ക്ലിയറൻസ് നിർബന്ധമാണെന്നും അതില്ലാതെ യാത്ര നടത്തിയെന്നത് ഗൗരവകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ സന്ദർശനമാണെങ്കിൽ പൊതുപരിപാടികളിൽ പങ്കെടുക്കാൻ പാടില്ലെന്നും ചുരുങ്ങിയ സമയംകൊണ്ട് സർക്കാരിന്റെ വീഴ്ചകൾ പുറത്തുവന്നെന്നും പി രാജീവ് റിപ്പോർട്ടറിനോട് പറഞ്ഞു.

വിശദീകരണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

കെ എം ഷാജിയുടെ വിദേശയാത്രകളിൽ ദുരൂഹതയുണ്ടെന്ന് ഡിവൈഎഫ്ഐയും ആരോപിച്ചു. യാത്രയുടെ യഥാർഥ ഉദ്ദേശ്യം മന്ത്രി വ്യക്തമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

വിഷയത്തിൽ മുസ്ലിം ലീഗും മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ആവശ്യപ്പെട്ടു.

അനുമതിയില്ലാത്ത വിദേശയാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയും രാഷ്ട്രീയ വിവാദത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്. യാത്രയുടെ ഉദ്ദേശ്യവും അനുമതി സംബന്ധിച്ച കാര്യങ്ങളും സംബന്ധിച്ച് കെ എം ഷാജിയുടെ വിശദീകരണം നിർണായകമാകും.