...
Home News National പ്രതിരോധ മേഖലയ്ക്ക് വൻ കരുത്ത്; 2.12 ലക്ഷം കോടിയുടെ ആയുധ സംഭരണത്തിന് കേന്ദ്ര അനുമതി

പ്രതിരോധ മേഖലയ്ക്ക് വൻ കരുത്ത്; 2.12 ലക്ഷം കോടിയുടെ ആയുധ സംഭരണത്തിന് കേന്ദ്ര അനുമതി

കെ-9 വജ്ര-ടി പീരങ്കികൾ, ഹെലികോപ്റ്ററുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഉയർന്ന സഞ്ചാരശേഷിയുള്ള വാഹനങ്ങൾ, കാമികാസെ ഡ്രോണുകൾ, നിരീക്ഷണ ഡ്രോണുകൾ എന്നിവ സംഭരണ പദ്ധതിയിൽ ഉൾപ്പെടുന്നു.

21

ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി 2.12 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ സംഭരണ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതിൽ ഏകദേശം 82 ശതമാനം ഉപകരണങ്ങളും ആഭ്യന്തര പ്രതിരോധ വ്യവസായ മേഖലയിൽനിന്ന് വാങ്ങാനാണ് ലക്ഷ്യമിടുന്നത്.

കെ-9 വജ്ര-ടി പീരങ്കികൾ, ഹെലികോപ്റ്ററുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഉയർന്ന സഞ്ചാരശേഷിയുള്ള വാഹനങ്ങൾ, കാമികാസെ ഡ്രോണുകൾ, നിരീക്ഷണ ഡ്രോണുകൾ എന്നിവ സംഭരണ പദ്ധതിയിൽ ഉൾപ്പെടുന്നു. ടാങ്കുകളുടെ സുരക്ഷ വർധിപ്പിക്കുന്ന ആളില്ലാ വിമാന പ്രതിരോധ സംവിധാനങ്ങൾക്കും സേനയുടെ നിരീക്ഷണശേഷി മെച്ചപ്പെടുത്തുന്ന ഉപകരണങ്ങൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

ആഭ്യന്തര പ്രതിരോധ നിർമാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സൈന്യത്തിന്റെ ആധുനികവൽക്കരണവും ലക്ഷ്യമിടുന്നതാണ് പദ്ധതി. 2029-30 സാമ്പത്തിക വർഷത്തോടെ പ്രതിരോധ ഉൽപ്പാദനം മൂന്ന് ലക്ഷം കോടി രൂപയിലേക്കും പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയിലേക്കും ഉയർത്താനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.