24 July 2026
Home News National ചോദ്യപേപ്പർ ചോർച്ചക്ക് കടുത്ത ശിക്ഷ; 10 വർഷം തടവും ₹10 കോടി വരെ പിഴയും നിർദേശിച്ച്...

ചോദ്യപേപ്പർ ചോർച്ചക്ക് കടുത്ത ശിക്ഷ; 10 വർഷം തടവും ₹10 കോടി വരെ പിഴയും നിർദേശിച്ച് കേന്ദ്രം

വിദ്യാർഥികളുടെ ഭാവി തകർക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി

2

ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയാൻ കർശന നിയമ നിർമാണവുമായി കേന്ദ്ര സർക്കാർ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കുന്ന പുതിയ ബില്ലിൻ്റെ കരട് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്‌തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

പുതിയ നിയമപ്രകാരം ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ചുമത്താൻ വ്യവസ്ഥയുണ്ടാകും. പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിലുള്ള മാഫിയാ ശൃംഖലയെ പൂർണമായി തകർക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ബിൽ പാർലമെന്റിൻ്റെ മൺസൂൺ സമ്മേളനത്തിൻ്റെ രണ്ടാം ആഴ്‌ച ആരംഭിക്കുന്ന തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇരുസഭകളിലും എത്രയും വേഗം ബിൽ പാസാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കും

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കുന്നതിനുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൂടുതൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രവർത്തനക്ഷമമാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

‘യുവാക്കളുടെ ഭാവി വച്ച് കളിക്കാൻ അനുവദിക്കില്ല’

അർധരാത്രിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച രാജ്യത്തെ യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതര കുറ്റമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ ക്രമക്കേടുകളുടെ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാതെ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.

‘പേപ്പർ മാഫിയയുടെ വേര് അറുക്കും’

ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലെ സംഘടിത ശൃംഖലകളെ നിയമത്തിൻ്റെ മുന്നിലെത്തിക്കുകയാണ് പുതിയ നിയമത്തിൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തട്ടിപ്പുകാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ നേരത്തെ തന്നെ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മന്ത്രിസഭാ അംഗങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് ബില്ലിന് അന്തിമരൂപം നൽകുമെന്നും, വിദ്യാർഥികളുടെ ഭാവി തകർക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.