ഇന്ത്യയിൽ ഏറെ ജനപ്രിയമായ യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഉയർന്ന തുകയ്ക്കുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരി കമ്മിഷൻ അഥവാ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏർപ്പെടുത്താൻ അനുവദിക്കുന്ന തരത്തിൽ സർക്കാർ നിയമഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, ഈ നടപടി അമേരിക്കയുടെ ശക്തമായ സമ്മർദത്തെത്തുടർന്നാണെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
2026 മാർച്ചിൽ യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ്‌സ് പുറത്തിറക്കിയ റിപ്പോർട്ടാണ് ഈ വിവാദങ്ങൾക്ക് ആധാരം. ഇന്ത്യയിലെ യുപിഐ, റുപേ കാർഡ് ഇടപാടുകൾ സൗജന്യമാക്കുന്നത് ഇന്ത്യൻ കമ്പനികൾക്ക് നേട്ടമാണെന്നും എന്നാൽ ഇത് അമേരിക്കൻ കാർഡ് കമ്പനികളുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നുവെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചകളിൽ അമേരിക്കൻ പ്രതിനിധികൾ ഇക്കാര്യം ഉന്നയിച്ചതായും വിവരങ്ങളുണ്ട്. ഇതിനു പിന്നാലെയാണ് സർക്കാർ നിയമഭേദഗതിക്കായി നടപടിയെടുത്തതെന്നാണ് പ്രധാന ആരോപണം.
ഈ സമ്മർദങ്ങൾക്ക് പിന്നാലെയാണ് ‘ടാക്‌സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ’ സഭ പാസാക്കിയത്. നിലവിൽ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുപിഐ, റുപേ കാർഡ് ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നില്ല. പുതിയ ഭേദഗതി പ്രകാരം വ്യാപാരികളിൽ നിന്ന് ബാങ്കുകളോ പേയ്‌മെന്റ് സേവന കമ്പനികളോ ഈടാക്കുന്ന ഫീസായ എംഡിആർ ഭാവിയിൽ നടപ്പിലാക്കാൻ സർക്കാരിന് സാധിക്കും.
കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേഷ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. യുപിഐ സംവിധാനത്തെ തളർത്തി ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് മേഖല അമേരിക്കൻ വ്യവസായങ്ങൾക്കായി തുറന്നുകൊടുക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭാവിയിൽ ഇത്തരം ഫീസുകൾ ഈടാക്കി തുടങ്ങിയാൽ അതിന്റെ ഭാരം സാധാരണക്കാരായ ഉപഭോക്താക്കളിലേക്ക് എത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ധനമന്ത്രി നിർമലാ സീതാരാമൻ രംഗത്തെത്തി. യുപിഐ ഉൾപ്പെടെയുള്ള പേയ്‌മെന്റ് സൗകര്യങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താൻ ബാങ്കുകളെയും ഫിൻടെക് കമ്പനികളെയും സഹായിക്കാനാണ് ഈ നിയമഭേദഗതിയെന്ന് അവർ വ്യക്തമാക്കി. ഇത്തരത്തിലുള്ള നിക്ഷേപത്തിന്റെ ഗുണം എല്ലാ യുപിഐ ഉപഭോക്താക്കൾക്കും ലഭിക്കുമെന്നും, ഈ ഫീസ് വ്യാപാരികളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും ഉപഭോക്താക്കൾക്ക് അധികച്ചെലവ് ഉണ്ടാകില്ലെന്നും ധനമന്ത്രി അവകാശപ്പെടുന്നു.
അതേസമയം, അമേരിക്കയുടെ നിർബന്ധത്തിന് വഴങ്ങി ഇന്ത്യയുടെ ഡിജിറ്റൽ സൗകര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് സ്ഥാപകൻ അജയ് ശ്രീവാസ്തവ മുന്നറിയിപ്പ് നൽകി. നിലവിൽ വിപണിയിൽ മുൻപന്തിയിലുള്ള ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ തേർഡ് പാർട്ടി ആപ്പുകൾക്ക് എംഡിആർ ഇല്ലാത്തത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന് അമേരിക്ക നേരത്തെ വാദിച്ചിരുന്നു. വ്യാപാരികൾ ഈ ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറിയാൽ ഡിജിറ്റൽ ഇടപാടുകൾക്ക് സാധാരണക്കാർക്ക് കൂടുതൽ പണം നൽകേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്.


