തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സൗജന്യ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ലോകായുക്തയുടെ ഇടപെടൽ. സർക്കാരിനെയും കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യം ഹർജിക്കാരൻ ഉന്നയിച്ചിരുന്നു. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് 2027 ജനുവരി 12ലേക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര അഴിമതിയാണെന്ന് ആരോപിച്ചാണ് കെ.എം. ഷാജഹാൻ ലോകായുക്തയെ സമീപിച്ചത്. മലപ്പുറത്തേക്കുള്ള യാത്രയ്ക്കായി മുഖ്യമന്ത്രി ചാർട്ടേഡ് വിമാന സൗകര്യം തേടിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. വിമാനം സ്പോൺസർ ചെയ്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. എന്നാൽ ആരാണ് സ്പോൺസർ ചെയ്തതെന്ന കാര്യത്തിൽ വ്യക്തമായ മറുപടി ലഭിക്കാത്തത് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി.
പിന്നീട് വിമാനയാത്രയ്ക്കുള്ള തുക നൽകിയത് ചിപ്സൺ ഏവിയേഷൻസ് ആണെന്ന വിവരം പുറത്തുവന്നു. എന്നാൽ ചിപ്സൺ ഏവിയേഷൻസിന് പണം കൈമാറിയത് മറ്റാരെങ്കിലുമാണോ എന്നതടക്കമുള്ള ചോദ്യങ്ങൾ ഉയർന്നെങ്കിലും മുഖ്യമന്ത്രി ഇതിൽ വ്യക്തമായ പ്രതികരണം നടത്തിയിരുന്നില്ല.
സ്പോൺസർഷിപ്പിന്റെ പേരിൽ നടന്നത് അഴിമതിയാണെന്നും വിഷയത്തിൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നുമാണ് കെ.എം. ഷാജഹാന്റെ ഹർജിയിലെ ആവശ്യം. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക ആവശ്യത്തിനുവേണ്ടിയാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നും വിമാനം സ്പോൺസർ ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു സർക്കാരിനുവേണ്ടി ഹാജരായ ടി. അസഫലിയുടെ വാദം. ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
സർക്കാരിന്റെ വാദം അംഗീകരിക്കാതെയാണ് ലോകായുക്ത ഹർജിയിൽ തുടർനടപടികളുമായി മുന്നോട്ടുപോകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സ്പോൺസറെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരേണ്ടിവരുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രാ വിവാദം യു.ഡി.എഫിനുള്ളിലും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ യാത്രയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ലോകായുക്തയുടെ പുതിയ നടപടി വിമാനയാത്രാ വിവാദം വീണ്ടും സജീവ ചർച്ചയാക്കുകയാണ്.


