7 September 2026
Home News Kerala ചെന്നൈ വ്യവസായിയുടെ പരാതി; സിപിഐഎം നേതാവ് പി ശശിക്കും എംവി ഗോവിന്ദന്റെ മകനുമെതിരെ പൊലീസ് അന്വേഷണം

ചെന്നൈ വ്യവസായിയുടെ പരാതി; സിപിഐഎം നേതാവ് പി ശശിക്കും എംവി ഗോവിന്ദന്റെ മകനുമെതിരെ പൊലീസ് അന്വേഷണം

വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന

2

ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിക്കും എതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. പി ശശിക്കെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കുമെന്നുമാണ് വിവരം. കേസിന്റെ അന്വേഷണത്തിനായി കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. പരാതിക്കാരന്റെ മൊഴി പൊലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

പരാതിയുടെ പശ്ചാത്തലവും പ്രധാന ആവശ്യങ്ങളും

ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ പരാതി, തുടർനടപടികൾക്കായി ആഭ്യന്തരവകുപ്പിന് കൈമാറുകയായിരുന്നു. സിപിഐഎം പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് ചോർന്ന സംഭവവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നാണ് മുഹമ്മദ് ഷർഷാദിന്റെ ആവശ്യം. പി ശശി അടക്കമുള്ളവരുടെ ഫോൺ റെക്കോർഡുകളും വാട്സ്ആപ്പ് ചാറ്റുകളും പരിശോധിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ പരാതിയിൽ അന്വേഷണം നടത്തിയാൽ പി ശശിക്കെതിരായ കൂടുതൽ തെളിവുകളും പരാതികളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ആരോപണങ്ങളും ബിനാമി വിവാദവും

ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് സിപിഐഎം നേതൃത്വത്തിനും പൊളിറ്റ് ബ്യൂറോയ്ക്കും എതിരേ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. യുകെയിലെ മലയാളി വ്യവസായി രാജേഷ് കൃഷ്ണ സിപിഐഎം നേതാക്കളുടെ ബിനാമിയാണെന്നും, ചില മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് ഷർഷാദ് സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്കും എം.എ. ബേബിക്കും പരാതി നൽകിയിരുന്നു.

തന്റെ അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ഓഫീസാണെന്നും, പാർട്ടി സെക്രട്ടറിയുടെ മകനെതിരായ സാമ്പത്തിക പരാതികളിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനാണ് ഈ കള്ളക്കേസ് കെട്ടിച്ചമച്ചതെന്നും ഷർഷാദ് ആരോപിക്കുന്നു. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.