...
Home News Kerala ‘മുഖ്യമന്ത്രി- കെഎസ്‌യു പോര്’; സതീശന് തിരിച്ചടി, ഹൈക്കമാൻഡ് കെഎസ്‌യുവിന് ഒപ്പം

‘മുഖ്യമന്ത്രി- കെഎസ്‌യു പോര്’; സതീശന് തിരിച്ചടി, ഹൈക്കമാൻഡ് കെഎസ്‌യുവിന് ഒപ്പം

കെഎസ്‌യുവിന്റെ പരസ്യ വിമർശനം പൂർണമായും തള്ളിക്കളയാനാവില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ

2

മുഖ്യമന്ത്രി- കെഎസ്‌യു വിവാദവുമായി ബന്ധപ്പെട്ട് വിഡി സതീശന്റെ നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രിക്കെതിരായ കെഎസ്‌യുവിന്റെ പരസ്യ വിമർശനം പൂർണമായും തള്ളിക്കളയാനാവില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

പ്രതിപക്ഷത്തിരുന്ന കാലത്ത് കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തിയ സമരങ്ങളും പോരാട്ടങ്ങളും മറക്കാൻ പാടില്ലെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. അതേസമയം, അഭിപ്രായ വ്യത്യാസങ്ങൾ പൊതുവേദികളിൽ പ്രകടിപ്പിക്കുന്നതിന് പകരം പാർട്ടിക്കകത്തെ സംവിധാനങ്ങളിലൂടെയാണ് ഉന്നയിക്കേണ്ടതെന്നും ഹൈക്കമാൻഡ് നിർദേശിച്ചു.

ഇതിനിടെ, കെഎസ്‌യു അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിച്ചത്. കെഎസ്‌യു മുമ്പും അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ടെന്നും സംഘടനയ്ക്ക് പരാതികളുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിഷയത്തിൽ മുൻകൈ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും, അഭിപ്രായങ്ങൾ ഉന്നയിക്കുന്നതിന് പാർട്ടിക്കുള്ളിൽ യോജിച്ച രീതികളും വേദികളും ഉപയോഗിക്കേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി– കെഎസ്‌യു തർക്കത്തിലെ പരസ്യ പ്രതികരണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ എംപിയും രംഗത്തെത്തി. വിഷമകരമായ വിഷയങ്ങൾ ബന്ധപ്പെട്ട പാർട്ടി വേദികളിൽ അവതരിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കെഎസ്‌യുവിന് പരാതികളുണ്ടെങ്കിൽ പാർട്ടി അത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി പ്രവർത്തകരെ വിഷമിപ്പിക്കുന്ന നടപടികൾ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും, ജനങ്ങൾ പ്രതീക്ഷയോടെ കാണുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള വിവാദങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

വിവാദങ്ങൾക്കിടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരനും രംഗത്തെത്തി. ഏത് വിഷയത്തിലും വ്യക്തമായ നിലപാട് സ്വീകരിക്കാൻ ധൈര്യമുള്ള നേതാവാണ് അലോഷ്യസ് സേവ്യറെന്ന് അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.