...
Home News Kerala ‘മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാന രഹിതം’; വിഴിഞ്ഞത്തിൽ വിഡി സതീശന് വീണ്ടും പ്രതിപക്ഷ നേതാവിൻ്റെ കത്ത്

‘മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാന രഹിതം’; വിഴിഞ്ഞത്തിൽ വിഡി സതീശന് വീണ്ടും പ്രതിപക്ഷ നേതാവിൻ്റെ കത്ത്

ഓഹരി കൈമാറ്റം സംബന്ധിച്ച ഒരു ചര്‍ച്ചയും എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് നടന്നിട്ടില്ലെന്ന് തുറമുഖ വകുപ്പിലെ ഫയലുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും

6

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതം ആണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തൻ്റെ കത്തിന് വസ്‌തുതാപരമായ മറുപടി നല്‍കുന്നതിന് പകരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

കണ്‍സഷന്‍ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പും പരിപാലനവും മാത്രമാണ് അദാനി ഗ്രൂപ്പിനുള്ളതെന്നും തുറമുഖം പൂര്‍ണമായും കേരള സര്‍ക്കാരിൻ്റെ ഉടമസ്ഥതയിലാണെന്നുമുള്ള വസ്‌തുത മുഖ്യമന്ത്രി വിസ്‌മരിക്കരുത്. കണ്‍സഷനയര്‍ കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി പങ്കാളിയല്ലെന്ന് വരുത്തിത്തീര്‍ത്ത് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തുറമുഖം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വിഴിഞ്ഞം കോണ്‍ക്ലേവിനെ ഓഹരി കൈമാറ്റവുമായി ബന്ധിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ദുഃസൂചന നിറഞ്ഞ ദുരാരോപണമാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 2025ല്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവ്, പോര്‍ട്ടിൻ്റെ പ്രവര്‍ത്തനക്ഷമതയും വ്യാവസായിക വളര്‍ച്ചയും ചര്‍ച്ച ചെയ്യാനുള്ള വേദിയായിരുന്നു. അദാനി ഗ്രൂപ്പിൻ്റെ ഓഹരി കൈമാറ്റം സംബന്ധിച്ച ഒരു ചര്‍ച്ചയും എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് നടന്നിട്ടില്ലെന്ന് തുറമുഖ വകുപ്പിലെ ഫയലുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. വസ്‌തുതകള്‍ ഇതായിരിക്കെ, ഊഹങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

കരാറിലെ 5.9 ക്ലോസ് പ്രകാരം വിഴിഞ്ഞത്തിന് 250 കിലോമീറ്ററിനുള്ളില്‍ മറ്റൊരു തുറമുഖത്ത് ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് ഓഹരി കൈമാറാന്‍ നിയമപരമായ തടസങ്ങളുണ്ട്. തൂത്തുക്കുടി തുറമുഖത്ത് പൂര്‍ണ അവകാശമുള്ള എംഎസ്‌സി കമ്പനിയുമായുള്ള അദാനി ഗ്രൂപ്പിൻ്റെ നീക്കം കരാര്‍ ലംഘനമാണ്. എന്നിട്ടും ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതും മുന്‍ സര്‍ക്കാരിൻ്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതും ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നല്‍കിയ ഗുരുതരമായ അപാകത ചൂണ്ടിക്കാട്ടിയിട്ടും അക്കാര്യത്തില്‍ മൗനം പാലിച്ചതും സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തിറക്കാന്‍ വൈകിയതും വലിയ ദുരൂഹതകള്‍ക്കാണ് വഴിവെക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കണ്‍സഷന്‍ എഗ്രിമെന്റിലെ ക്ലോസ് 5.8.1 പ്രകാരം വിഴിഞ്ഞം തുറമുഖത്ത് നോണ്‍- ഡിസ്‌ക്രിമിനേറ്ററി ആക്‌സസ് എല്ലാവര്‍ക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കണ്‍സഷണയര്‍ക്കുണ്ട്. കരാറിലെ ഈ വ്യവസ്ഥകള്‍ സ്വകാര്യ കമ്പനി കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിൻ്റെ കടമയാണ്. കമ്പനിക്ക് വഴിവിട്ട സൗജന്യങ്ങള്‍ നല്‍കി സംസ്ഥാന താല്‍പര്യങ്ങള്‍ ബലികഴിക്കരുത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സായുധ സേനകളുടെ സാന്നിധ്യത്തോട് പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖം കേരളത്തിൻ്റെ സ്വത്താണ്. അത് കുത്തക ശക്തികളുടെ പിടിയിലമരാതെ സംരക്ഷിക്കപ്പെടണം. കരാര്‍ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കണം. അദാനി ഗ്രൂപ്പിൻ്റെ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തുടരും. എന്നാല്‍ നാടിൻ്റെ താല്‍പര്യങ്ങള്‍ക്കെതിരായ ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.