...
Home News Kerala അനുമോദന ചടങ്ങില്‍ ‘വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ പിടിച്ചു’; കെടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

അനുമോദന ചടങ്ങില്‍ ‘വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ പിടിച്ചു’; കെടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

പാലക്കാട് ജില്ലയില്‍ നടന്ന ഒരു കാര്യത്തില്‍ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിൻ്റെ ഔചിത്യം മനസിലാകുന്നില്ലെന്നും ജലീല്‍

2

പാലക്കാട് മണ്ണാര്‍ക്കാട് അനുമോദ ചടങ്ങിനിടെ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയെന്ന സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ മുന്‍ മന്ത്രി കെടി ജലീലിനെതിരെ സ്വമേധയാ കേസെടുത്തു. സംഭവത്തിൻ്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെവി മനോജ് കുമാറാണ് നടപടി സ്വീകരിച്ചത്. അതേസമയം കെടി ജലീല്‍ തങ്ങളെ അപമാനിച്ചിട്ടില്ലെന്ന് അനുമോദനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികളെ അപമാനിച്ച കെടി ജലീല്‍ മാപ്പുപറയണമെന്നും ബാലാവകാശ കമ്മീഷന്‍ സംഭവത്തിൽ സ്വമേധയാ കേസെടുക്കണമെന്നും എംഎസ്എഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അനുമോദന ചടങ്ങില്‍ പങ്കെടുത്ത കുട്ടികളോട് ജലീൽ അക്ഷരമറിയില്ലേ എന്ന് ചോദിക്കുന്നതും മേല്‍വിലാസം തെറ്റിച്ച് എഴുതി എന്നപേരില്‍ സ്റ്റേജില്‍ വിളിച്ച് വരുത്തിയ കുട്ടിയുടെ ചെവിയില്‍ നുള്ളുന്നതുമായ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

ഹിന്ദിയില്‍ മേല്‍വിലാസവും രക്ഷിതാക്കളുടെ പേരും എഴുതിയപ്പോള്‍ പിഴവ് സംഭവിച്ചെന്നും അധ്യാപകനെ പോലെ കെടി ജലീല്‍ അത് തിരുത്തി നല്‍കുകയാണെ് ചെയ്‌തതെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം. അതേസമയം തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകള്‍ക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിച്ചതെന്നാണ് ജലീലിൻ്റെ വിശദീകരണം.

ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓര്‍ക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാല്‍ തമാശക്ക് ചിരിച്ച് ചെവിയില്‍ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടില്ലെന്നും കെടി ജലീല്‍ പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

‘ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ കമന്റായി ഈ പോസ്റ്റിന് ചുവട്ടില്‍ എഴുതാം’. പാലക്കാട് ജില്ലയില്‍ നടന്ന ഒരു കാര്യത്തില്‍ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിൻ്റെ ഔചിത്യം മനസിലാകുന്നില്ലെന്നും ജലീല്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

കഴിഞ്ഞദിവസം മണ്ണാർക്കാട് നഗരസഭ 19, 20, 22 വാർഡുകളുടെ വിജയോത്സവം ജലീൽ ഉദ്ഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെ വിലാസം തെറ്റിച്ച് എഴുതിയെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ ഒരു കുട്ടിയുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതോടെയാണ് സംഭവം വിവാദമായത്. ഉദ്ഘാടനത്തിന് ശേഷം കുട്ടികളോട് സംസാരിക്കുമ്പോൾ ആയിരുന്നു സംഭവം. ഇത് കേട്ട് സദസിലും വേദിയിലും ഇരിക്കുന്നവർ ചിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെയാണ് എംഎസ്എഫ് പരാതിയുമായി രംഗത്തെത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.