...
Home News National ‘ചൈനക്ക് പണികൊടുക്കാൻ കഴിഞ്ഞില്ല’; കേന്ദ്രം തുടങ്ങിയ പദ്ധതി ഉപേക്ഷിക്കുന്നു

‘ചൈനക്ക് പണികൊടുക്കാൻ കഴിഞ്ഞില്ല’; കേന്ദ്രം തുടങ്ങിയ പദ്ധതി ഉപേക്ഷിക്കുന്നു

കേന്ദ്രം പറഞ്ഞ ടാർജറ്റ് പൂർത്തീകരിച്ച കമ്പനികൾക്ക് വാഗ്‌ദാനം ചെയ്‌ത സബ്‌സിഡി സമയത്തിന് കിട്ടിയതുമില്ല

291

ഇന്ത്യയിലേക്ക് ചൈനയിൽ നിന്നുള്ള വൻകിട കമ്പനികളെ ആകർഷിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 23 ബില്യൺ ഡോളറിൻ്റെ ഇൻസെന്റീവ് പദ്ധതി ഉപേക്ഷിച്ചതായി സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സമ്പദ്ഘടനയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് തുടങ്ങിയ ഈ പദ്ധതി നാലുവർഷത്തിന് ശേഷമാണ് വേണ്ടെന്ന് വെയ്ക്കുന്നത്.

ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 14 സെക്ടറുകൾക്ക് പുറത്തേക്ക് പദ്ധതിയുടെ ആനുകൂല്യം വ്യാപിപ്പിക്കില്ല. അതേസമയം ഇതിനോടകം 750 ഓളം കമ്പനികൾ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഫോക്സ്കോൺ തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ പട്ടികയിലുണ്ട്.

ഉത്പാദനത്തിൽ കേന്ദ്രം നിശ്ചയിക്കുന്ന ടാർജറ്റ് സമയബന്ധിതമായി മീറ്റ് ചെയ്യുന്ന കമ്പനികൾക്ക് സാമ്പത്തിക സഹായം അടക്കമാണ് കേന്ദ്രസർക്കാർ ഈ പദ്ധതി വഴി വാഗ്‌ദാനം ചെയ്‌തിരുന്നത്. ഇതിലൂടെ 2025 ആകുമ്പോഴേക്കും മാനുഫാക്‌ചറിങ് രംഗത്ത് 25% വളർച്ച നേടാനാകും എന്നായിരുന്നു കേന്ദ്ര സർക്കാരിൻ്റെ കണക്കുകൂട്ടൽ.

എന്നാൽ പദ്ധതിയിൽ ഭാഗമായ പല കമ്പനികൾക്കും ഉത്പാദനം തുടങ്ങാൻ സാധിക്കാത്തത് വലിയ തിരിച്ചടിയായി. കേന്ദ്രം പറഞ്ഞ ടാർജറ്റ് പൂർത്തീകരിച്ച കമ്പനികൾക്ക് ആകട്ടെ വാഗ്‌ദാനം ചെയ്‌ത സബ്‌സിഡി സമയത്തിന് കിട്ടിയതുമില്ല.

ഈ പ്രോഗ്രാം വഴി 151.93 ബില്യൺ ഡോളറിൻ്റെ ഉത്പന്നങ്ങളാണ് കമ്പനികൾ 2024 ഒക്ടോബർ വരെ ഉണ്ടാക്കിയത്. കേന്ദ്രസർക്കാർ നിശ്ചയിച്ച ടാർജറ്റിൻ്റെ 37% ആണിത്. എന്നാൽ കേന്ദ്രം നൽകിയത് 1.73 ബില്യൺ ഡോളറിൻ്റെ ഇൻസെന്റീവ് മാത്രമാണ്. ഇൻസെന്റീവിനായി നീക്കിവെച്ച തുകയുടെ 8% മാത്രമാണിത്.

പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര വാണിജ്യ മന്ത്രാലയവും ആണ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിരുന്നത്. പദ്ധതി ആരംഭിച്ച ശേഷം രാജ്യത്ത് മാനുഫാക്‌ചറിങ് സെക്ടറിൽ ഉൽപാദനം 15.4 ശതമാനം വരെ പുറകിലോട്ട് പോയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.