ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ മറികടക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി 100 പ്രധാന ഉൽപ്പന്നങ്ങൾ ആഭ്യന്തരമായി നിർമിക്കാൻ ഇന്ത്യയുടെ പദ്ധതി. സോളാർ പവർ ഉപകരണങ്ങൾ, ഖനന-തുരങ്ക നിർമാണ യന്ത്രങ്ങൾ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ഇടനില-മൂലധന ഉൽപ്പന്നങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ചർച്ചകൾ ആരംഭിച്ചു.
സോളാർ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള നിർണായക മേഖലകളിലെ മൂലധന വസ്തുക്കളുടെ കയറ്റുമതിക്ക് ചൈന ഈ മാസം മുതൽ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ടണൽ ബോറിങ് മെഷീനുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം ആരംഭിക്കാനും ഇന്ത്യ പദ്ധതിയിടുന്നു. തമിഴ്നാട്ടിൽ ഇതിനായി പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ ഉൽപ്പാദനം ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്.
സൗരോർജ മേഖലയിൽ നിലവിൽ ഇന്ത്യയ്ക്ക് പ്രതിവർഷം 233 ജിഗാവാട്ട് സോളാർ മൊഡ്യൂൾ നിർമാണശേഷിയുണ്ടെങ്കിലും സോളാർ സെൽ നിർമാണശേഷി ഏകദേശം 30 ജിഗാവാട്ട് മാത്രമാണ്. സിലിക്കൺ ഇൻഗോട്ട്, വേഫർ നിർമാണശേഷിയും പരിമിതമാണ്. അതിനാൽ ഈ മേഖലകളിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് കേന്ദ്ര നീക്കം. സോളാർ മൊഡ്യൂൾ മാലിന്യങ്ങളുടെ പുനരുപയോഗത്തിനുള്ള മാർഗനിർദേശങ്ങളും സർക്കാർ തയ്യാറാക്കുന്നുണ്ട്.
പെട്രോകെമിക്കൽ മേഖലയിലും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. പിവിസി, പോളിയെത്തിലീൻ, പോളിപ്രൊപ്പിലീൻ തുടങ്ങിയ വ്യവസായ ഉൽപ്പന്നങ്ങൾക്കൊപ്പം ഫോസ്ഫോറിക് ആസിഡ്, അമോണിയ, അസറ്റിക് ആസിഡ് തുടങ്ങിയവയുടെ ഉൽപ്പാദനത്തിനും പ്രാധാന്യം നൽകും. തുണിത്തരങ്ങൾ, ഔഷധങ്ങൾ, വളങ്ങൾ, പാക്കേജിങ് തുടങ്ങിയ മേഖലകളിൽ ഇവയ്ക്ക് വലിയ ആവശ്യകതയുണ്ട്.
ചൈനയിൽ നിന്നുള്ള ഇറക്കുമതി വർധിക്കുകയും രാജ്യത്തിന്റെ വ്യാപാരക്കമ്മി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം. നിർണായക ഉൽപ്പന്നങ്ങളുടെ ആഭ്യന്തര നിർമാണം ശക്തിപ്പെടുത്തി ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനൊപ്പം രാജ്യത്തെ വ്യവസായ മേഖലയുടെ ഉൽപ്പാദനശേഷി വർധിപ്പിക്കുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.


