...
Home News Kerala ‘സമ്മാനാർഹമായ 20 കോടിയുടെ ക്രിസ്‌മസ് ബമ്പർ ടിക്കറ്റ് നഷ്‌ടപ്പെട്ടു’: പരാതിയുമായി റിട്ട. എഎസ്ഐ

‘സമ്മാനാർഹമായ 20 കോടിയുടെ ക്രിസ്‌മസ് ബമ്പർ ടിക്കറ്റ് നഷ്‌ടപ്പെട്ടു’: പരാതിയുമായി റിട്ട. എഎസ്ഐ

ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ്‌ പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി

255

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച് റിട്ട. എഎസ്ഐ. പിറവം പാഴൂർ സ്വ​ദേശിയായ റിട്ട. എഎസ്ഐ കെകെ സജിമോനാണ് പരാതിയുമായി രംഗത്തെത്തിയത്. ടിക്കറ്റ് നഷ്‌ടമായെന്ന് കാണിച്ച് ഇദ്ദേഹം പൊലീസിനെയും കോടതിയെയും സമീപിച്ചിരിക്കുക ആണ്. ജനുവരി 24ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ഈ ടിക്കറ്റിനാണ് നിലവിൽ ഇദ്ദേഹം അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

പരാതിക്കാരനായ സജിമോൻ പൊലീസിൽ നിന്ന് പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തുകയാണ്. വണ്ടിയിൽ ശബരിമലക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാർ നെയ്‌പാത്രം മറന്നു വെച്ചിരുന്നുവെന്നും താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നുവെന്നും ആണ് സജിമോൻ പറയുന്നത്. പിന്നീട് വിശാഖപട്ടണം സ്വദേശി ആവശ്യപ്പെട്ട പ്രകാരം നെയ് പാത്രം കൊറിയർ ചെയ്‌തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് സജിമോൻ്റെ ആരോപണം.

പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്ന് ജനുവരി 30 -നാണ് പാത്രം കൊറിയർ ചെയ്‌തത്. പാത്രത്തിനടിയിൽ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ച കാര്യം ഓർമ്മിച്ച സജിമോൻ ഫെബ്രുവരി ഒന്നിന് വൈകിട്ട് കൊറിയർ സ്ഥാപനവുമായി ബന്ധപ്പെട്ട് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഫെബ്രുവരി നാലിന് വിശാഖപട്ടണത്ത് ഉടമക്ക് നെയ് പാത്രം ലഭിച്ചു.

ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പിള്ളിയിൽ നിന്ന് ടിക്കറ്റെടുത്തതെന്നും ടിക്കറ്റിൻ്റെ പുറത്ത് തൻ്റെ വിലാസാമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറയുന്നു. സജിമോൻ്റെ പരാതിയെ തുടർന്ന് പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തിയിട്ടുണ്ട്. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ പരിശോധിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സജിമോൻ പിറവം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെയും സമീപിച്ചിരുന്നു. ഇതേത്തുടർന്ന് നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്‌ക് പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ്‌ പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. അതേസമയം, ബമ്പർ സമ്മാനമടി ആൾ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കിയതായി സൂചനയുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.