പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് സംഘടിപ്പിക്കാൻ സിജെപി തീരുമാനിച്ചു. നാളെ വൈകീട്ട് 6 മണിക്ക് ജില്ലാ അടിസ്ഥാനത്തിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധ മാർച്ച് നടത്താൻ സംഘടന ആഹ്വാനം ചെയ്തു.
ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും, ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സിജെപി വ്യക്തമാക്കി. കൂടാതെ, അടുത്ത 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സംഘടന അറിയിച്ചു.
അതേസമയം, പൊലീസിന്റെ കർശന നിയന്ത്രണങ്ങൾക്കിടയിലും സമരവേദിയിലേക്ക് പ്രതിഷേധക്കാരുടെ ഒഴുക്ക് തുടരുകയാണ്. ധർമ്മേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന സൂചന.
സിജെപിയുമായി ഉച്ചയ്ക്ക് നടക്കുന്ന നിർണായക ചർച്ചയിൽ മറ്റ് ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാണെന്ന നിലപാട് കേന്ദ്രസർക്കാർ അറിയിക്കുമെന്നാണ് വിവരം. എന്നാൽ ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും ഇടയാക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ജന്തർ മന്ദറിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ളതിനൊപ്പം മുൻകരുതൽ നടപടികളുടെ ഭാഗമായി 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും.


