കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഒരുങ്ങുന്നു. സർക്കാരിനെതിരെ ശക്തമായ നിലപാടുമായി അണിനിരക്കാൻ രാജ്യത്തെ യുവാക്കളോട് സിജെപി ആഹ്വാനം ചെയ്തു. സമരത്തിന്റെ അടുത്ത ഘട്ട പരിപാടികൾ നാളെ പ്രഖ്യാപിക്കുമെന്ന് പാർട്ടി വ്യക്തമാക്കി.
പ്രധാന ആവശ്യങ്ങൾ
വിദ്യാർത്ഥികൾക്കെതിരായ എഫ്‌ഐആറുകൾ പിൻവലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്ര സർക്കാർ ഒളിച്ചുകളി തുടരുകയാണെന്ന് സിജെപി കുറ്റപ്പെടുത്തി. നേരത്തെ സിജെപിക്ക് നൽകിയ ഉറപ്പുകൾ സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. കോടതി ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ പോലും വിദ്യാർത്ഥികൾക്കെതിരായ കേസുകളിൽ അന്വേഷണം തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും സിജെപി ആവർത്തിച്ചു.
വ്യാപകമായ പൊലീസ് നടപടി
ബിഹാർ, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കെതിരെ വലിയ തോതിലുള്ള പൊലീസ് നടപടികളാണ് ഉണ്ടായത്. ബിഹാറിൽ തേജ് പ്രതാപ് യാദവ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സമരക്കാർക്കെതിരെ ഡെൽഹിയിലോ മറ്റ് പുറത്തുള്ള സ്ഥലങ്ങളിലോ കേസുകളെടുക്കില്ലെന്നായിരുന്നു സർക്കാരിന്റെ മുൻ വാഗ്ദാനം.
വിദ്യാർത്ഥികൾക്കെതിരായ എഫ്‌ഐആറുകൾ അടിയന്തരമായി പിൻവലിക്കണമെന്നത് സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി സിജെപി മുന്നോട്ടുവെച്ച പ്രധാന ആവശ്യമായിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തത് യുവാക്കളോടുള്ള വിശ്വാസവഞ്ചനയാണെന്നും, ഈ നിലയ്ക്കാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ അതിശക്തമായ പ്രതിഷേധം വീണ്ടും ഉണ്ടാകുമെന്നും സിജെപി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.


