...
Home News Kerala സമുദ്ര അലങ്കാര മത്സ്യങ്ങളുടെ വിത്തുൽപാദന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആർഐ

സമുദ്ര അലങ്കാര മത്സ്യങ്ങളുടെ വിത്തുൽപാദന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആർഐ

അക്വേറിയം സംരംഭകർക്കും അലങ്കാരമത്സ്യ കർഷകർക്കും ഇവയുടെ വിത്തുൽപാദനം സ്വന്തമായി നടത്താവുന്ന രീതിയിൽ സാങ്കേതികവിദ്യ

239

കൊച്ചി: സമുദ്ര അലങ്കാരമത്സ്യ മേഖലയിൽ നിർണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഉയർന്ന വിപണി മൂല്യമുള്ള കടൽ വർണമത്സ്യങ്ങളായ ഡാംസെൽ, ഗോബി വിഭാഗങ്ങളിൽപെട്ട രണ്ട് മീനുകളുടെ കൃത്രിമ വിത്തുൽപാദനം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. അക്വേറിയങ്ങളിലെ കടൽ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂർ ഡാംസെൽ, ഓർണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുൽപാദന സാങ്കേതിക വിദ്യയാണ് സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ചത്.

അക്വേറിയം ഇനങ്ങളിൽ ആവശ്യക്കാരേറെയുള്ളതും അലങ്കാരമത്സ്യ പ്രേമികളുടെ ഇഷ്‌ട മീനുകളുമാണ് ഇവ രണ്ടും. ആകർഷകമായ വർണങ്ങളും ചലനങ്ങളിലെ ചടുലതയുമാണ് ഇവയെ അക്വേറിയം മീനുകളിലെ സുന്ദരികളാക്കി മാറ്റുന്നത്. കടലിൽ പവിഴപ്പുറ്റുകളോടൊപ്പമാണ് അസ്യൂർ ഡാംസലിൻ്റെ ആവാസകേന്ദ്രം. കടുംനീല- മഞ്ഞ നിറങ്ങളും നീന്തുന്ന രീതികളുമാണ് പ്രധാന ആകർഷണീയത. അമിത ചൂഷണഫലമായി വംശനാശ ഭീഷണിക്കരികിലാണ്. ഒരു മീനിന് 350 രൂപ വരെയാണ് വില. വിദേശ വിപണിയിൽ മീനൊന്നിന് 25 ഡോളർ വരെ ലഭിക്കും.

മറൈൻ അക്വേറിയങ്ങളിലെ ജനപ്രിയ മീനാണ് ഓർണേറ്റ് ഗോബി. തിളങ്ങുന്ന കണ്ണുകളും നീലയും തവിട്ട്-ചുവപ്പ്- വെള്ള നിറങ്ങളിലുള്ള പുള്ളികൾ കൊണ്ട് അലങ്കരിച്ച ശരീരവുമാണ് ഈ മീനിൻ്റെ ദൃശ്യഭംഗി കൂട്ടുന്നത്. കൗതുകകരമായ ചലനങ്ങളും പെരുമാറ്റവും കാരണം ടാങ്കുകളിൽ കാഴ്‌ചക്കാരെ ആകർഷിക്കും. അക്വേറിയങ്ങളിൽ അടിയുന്ന മണൽ തുടച്ചെടുത്ത് ടാങ്കുകളെ വൃത്തിയായി സൂക്ഷിക്കുന്നതിലും മിടുക്കിയാണ്. മീനൊന്നിന് 250 രൂപവരെ വിലയുണ്ട്.

ഉൽപാദനം കൂട്ടാനും കടലിൽ ഇവയുടെ അമിതചൂഷണം തടയാനും സിഎംഎഫ്ആർഐയുടെ പ്രജനന സാങ്കേതികവിദ്യ വഴിയൊരുക്കും. കടലിലെ റീഫ് ആവാസവ്യസഥയെ സംരക്ഷിച്ച് നിർത്താനുമാകും. അക്വേറിയം സംരംഭകർക്കും അലങ്കാരമത്സ്യ കർഷകർക്കും ഇവയുടെ വിത്തുൽപാദനം സ്വന്തമായി നടത്താവുന്ന രീതിയിൽ സാങ്കേതികവിദ്യ സിഎംഎഫ്ആർഐ ആവശ്യാക്കാർക്ക് കൈമാറും.

ഈ മേഖലയിലുള്ളവർക്ക് സാങ്കേതികവിദ്യ എളുപ്പത്തിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോട്ടോകോളും സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ട്. കർഷകരിലേക്ക് വ്യാപകമായി ഈ സാങ്കേതികവിദ്യ കൈമാറുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും സിഎംഎഫ്ആർഐ ഒരുക്കമാണെന്ന് വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ ബി.സന്തോഷ് പറഞ്ഞു.

ഉയർന്ന ആവശ്യകതയും വിപണി മൂല്യവും താരതമ്യേന കുറഞ്ഞ ഉൽപാദന ചെലവുമാണ് ഈ മീനുകൾക്ക്. അതിനാൽ, ഇവയുടെ വിത്തുൽപാദനവും വിപണിയും സംരംഭകരെ ആകർഷിപ്പിക്കുന്നതാണ്. സിഎംഎഫ്ആർഐയുടെ സാമ്പത്തിക സാധ്യതാപഠന പ്രകാരം 24,000 മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവർഷം ഉൽപ്പാദിപ്പിക്കുന്ന ഇടത്തരം വിത്തുൽപാദന യൂണിറ്റിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വാർഷിക വരുമാനം ഉണ്ടാക്കാനാകും.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.