...
Home News Kerala സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്; ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ ഷെല്‍ കമ്പനിയെന്ന് സംശയം, ഇഡി അന്വേഷണം ഊര്‍ജ്ജിതമാക്കി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്; ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ ഷെല്‍ കമ്പനിയെന്ന് സംശയം, ഇഡി അന്വേഷണം ഊര്‍ജ്ജിതമാക്കി

2024 ഏപ്രിലാണ് സിഎംആര്‍എല്‍ -എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇഡി ഇസിഐആര്‍ (ECIR) രജിസ്റ്റര്‍ ചെയ്തത്

3

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിജിയുമായി ബന്ധമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം ഷെല്‍ കമ്പനിയാണെന്ന സൂചനകള്‍ പുറത്ത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഈ കമ്പനിക്ക് നിലവില്‍ കൃത്യമായ ഓഫീസോ പ്രവര്‍ത്തനങ്ങളോ ഇല്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. 2023ല്‍ രജിസ്റ്റർ ചെയ്ത ഈ കമ്പനിയുടെ മേല്‍വിലാസത്തിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനിയെന്നാണ് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

കമ്പനിയുടെ പങ്കാളിയായ അനീസ് കൊടമ്പിയാത്ത് അറക്കലിനെ ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) തീരുമാനം. ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്റെ അക്കൗണ്ടിലുണ്ടായിരുന്ന 15.57 ലക്ഷം രൂപ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു.

റെയ്ഡുകളും ഡയറിയിലെ വിവരങ്ങളും

കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സിപിഐഎം നേതാവിന്റെ വീട് ഉള്‍പ്പെടെ എട്ടിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. വീണ ടിയും ചില വ്യക്തികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. മെയ് 27ന് തിരുവനന്തപുരത്തെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇഡി ഒരു ഡയറി പിടിച്ചെടുത്തിരുന്നു. ഈ ഡയറിയില്‍ നിന്ന് നിര്‍ണ്ണായക സാമ്പത്തിക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

നിഖില്‍, നന്ദുലാല്‍, ഷൈജല്‍, ഫൈജാസ് അടക്കം ഏഴ് പേരുടെ പേരുകളാണ് ഡയറിയിലുള്ളത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിഖിലിന്റെ ‘സോളസ്’ എന്ന കമ്പനി, വെസ്റ്റ് ഹില്‍ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി നന്ദുലാലിന്റെ വീട്, പന്തിരാങ്കാവിലെ ‘കാപിറ്റല്‍ മാര്‍ബിള്‍സ്’ എന്നീ സ്ഥാപനങ്ങളിലും പരിശോധന നടന്നു. പരിശോധനയ്ക്കിടെ നിഖിലിന്റെ മൊഴിയും ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.

കേസിന്റെ പശ്ചാത്തലം

2024 ഏപ്രിലാണ് സിഎംആര്‍എല്‍ -എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇഡി ഇസിഐആര്‍ (ECIR) രജിസ്റ്റര്‍ ചെയ്തത്. സിഎംആര്‍എല്ലും വീണ ടിയുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷന്‍സ്’ എന്ന ഐടി കമ്പനിയും തമ്മിലുള്ള ഇടപാടുകളാണ് അന്വേഷണത്തിന് ആധാരം. സേവനങ്ങള്‍ ഒന്നും നല്‍കാതെ 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എക്സാലോജിക് 1.72 കോടി രൂപ കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിന്റെ തുടക്കം. തുടര്‍ന്ന് എസ്എഫ്ഐഒയും (SFIO) ഇഡിയും അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.