സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ (ഇഡി) കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും, ഒരേ ഇടപാടിനെക്കുറിച്ച് വ്യത്യസ്ത ഘട്ടങ്ങളിൽ രണ്ട് തരത്തിലുള്ള വാദങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണ സംഘം ഡിജിപിക്ക് കൈമാറിയ കത്ത് എങ്ങനെ പുറത്തുവന്നുവെന്ന് ചോദിച്ച അദ്ദേഹം, ഇഡി തന്നെയാണ് ഇത്തരം വിവരങ്ങൾ പുറത്തുവിടുന്നതെന്നും ആരോപിച്ചു.
നേരത്തെ സിഎംആര്‍എല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ഇഡിയും എസ്‌എഫ്‌ഐഒയും പറഞ്ഞിരുന്നതെങ്കിൽ, ഇപ്പോൾ മുഖ്യമന്ത്രിയായിരുന്ന തനിക്ക് വഴിവിട്ട ആനുകൂല്യം ലഭിച്ചതിനുള്ള കൈക്കൂലിയാണ് ആ പണെന്നാണ് പുതിയ ഭാഷ്യമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. അടിസ്ഥാനപരമായ ഈ വൈരുധ്യത്തിന് ഇഡി മറുപടി പറയണം. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആര്‍എല്ലിന് യാതൊരുവിധ ആനുകൂല്യങ്ങളും വഴിവിട്ട് നൽകിയിട്ടില്ലെന്നും, ഇത് സംബന്ധിച്ച ആരോപണങ്ങൾ വിജിലൻസ് കോടതിയും ഹൈക്കോടതിയുമടക്കം തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്നും, രാഷ്ട്രീയമായി ചേതോവധം ചെയ്യാനാണ് ഇത്തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. വീണാ വിജയൻ കോടതികളിൽ ഇതിന് കൃത്യമായ മറുപടി നൽകുന്നുണ്ട്. എത്ര ആക്രമിച്ചാലും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും തളരുകയോ തകരുകയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


