...
Home News Kerala കളക്ടറേറ്റ് സീനിയർ ക്ലർക്കിൻ്റെ ആത്മഹത്യ; എഡിഎമ്മിന് അന്വേഷണ ചുമതല നൽകി ജില്ലാ കളക്ടർ

കളക്ടറേറ്റ് സീനിയർ ക്ലർക്കിൻ്റെ ആത്മഹത്യ; എഡിഎമ്മിന് അന്വേഷണ ചുമതല നൽകി ജില്ലാ കളക്ടർ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണപ്പെട്ടത്

3

കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ (42) ആത്മഹത്യയിൽ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിന് വിഷം കഴിച്ച ആശാലത, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണപ്പെട്ടത്.

ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയെന്നും ആ അവസ്ഥ മാനസികമായി തളർത്തിയെന്നും വ്യക്തമാക്കുന്നതാണ് ഇവരുടെ മരണമൊഴി. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമായിരുന്നു ആശാലത. എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിലായിരുന്ന ഇവരെ രണ്ട് മാസം മുമ്പാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്.

കർശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി

ആശാലതയുടെ മരണത്തിൽ റവന്യൂ കമ്മീഷണറുമായും ജില്ലാ കളക്ടറുമായും സംസാരിച്ചതായും ഔദ്യോഗിക റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്‌ചയോ മാനസിക സമ്മർദ്ദമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സെക്ഷൻ മാറ്റം നിലവിലെ സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് നടന്നിട്ടുള്ളതാണെന്നും, മുമ്പ് ഉണ്ടായിരുന്ന എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിൽ നിന്ന് ജോലിഭാരം കുറഞ്ഞ എൻഡോസൾഫാൻ സെക്ഷനിലേക്കാണ് മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കി.

കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ എല്ലാ വിഷയങ്ങളിലും രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാനഗർ പൊലീസ് നടത്തുന്ന അന്വേഷണത്തിന് പുറമേയാണ് എഡിഎമ്മിൻ്റെ നേതൃത്വത്തിലുള്ള വകുപ്പുതല അന്വേഷണം.

(ശ്രദ്ധിക്കുക: ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.