...
Home News Kerala അയ്യപ്പ സംഗമത്തിൽ വ്യത്യസ്‌ത നിലപാട് സ്വീകരിക്കുന്നത് വർഗീയ വാദികൾ: എംവി ഗോവിന്ദൻ

അയ്യപ്പ സംഗമത്തിൽ വ്യത്യസ്‌ത നിലപാട് സ്വീകരിക്കുന്നത് വർഗീയ വാദികൾ: എംവി ഗോവിന്ദൻ

കോടതിയുടെ പരിഗണനയിലിരിക്കുന്ന യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ല

293

സംസ്ഥാന സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് ലോകത്താകമാനം ഉള്ള അയ്യപ്പഭക്തരുടെ അംഗീകാരം ലഭിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഷ്ട്രീയമായ ഉദ്ദേശത്തോടുകൂടി മതത്തെയും വിശ്വാസത്തെയും കൈകാര്യം ചെയ്യുന്നവരാണ് വർഗീയവാദികൾ.

അയ്യപ്പ സംഗമത്തിൽ വ്യത്യസ്‌തമായ നിലപാട് സ്വീകരിക്കുന്നവർ വർഗീയവാദികളാണ്. വർഗീയവാദികൾക്ക് ഒപ്പം അല്ല വിശ്വാസികൾക്കൊപ്പം ആണ് സിപിഐഎം, എം വി ഗോവിന്ദൻ പറഞ്ഞു.

ശബരിമല കേസിൽ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കണം എന്നുള്ളതല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ല. നിലപാടുകളോട് യോജിച്ചാണ് ഇപ്പോൾ തങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമവുമായി സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും മുന്നോട്ട് പോകുകയാണ്. അയ്യപ്പ സംഗമത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തിൽ ചേവാഴ്‌ച സംഘാടക സമിതി ചേരുന്നു.

ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ചവർക്ക് അയ്യപ്പ സംഗമം നടത്താൻ എന്ത് അവകാശം എന്ന ചോദ്യമാണ് സർക്കാരിനും ദേവസ്വം ബോർഡിനും നേരെ ഉയരുന്നത്. ഇതിന് മറുപടി എന്നോണം യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്തുമെന്ന് ദേവസ്വം ബോർഡ് സൂചന നൽകി കഴിഞ്ഞു.

അയ്യപ്പ സംഗമത്തോട് കോൺഗ്രസിനും മുസ്ലിം ലീഗിനും വ്യത്യസ്‌ത നിലപാടാണ്. സംഗമത്തോട് എന്ത് നിലപാട് സ്വീകരിക്കണം എന്ന് ആലോചിക്കാൻ യുഡിഎഫ് യോഗവും ചെവാഴ്‌ച രാത്രി ചേരും.

സംഘാടക സമിതിയുടെ രക്ഷാധികാരിയായി നിശ്ചയിച്ചിട്ടുള്ള പ്രതിപക്ഷ നേതാവിനെ ദേവസ്വം ബോർഡ് ഭാരവാഹികൾ ചെവാഴ്‌ച നേരിട്ട് ക്ഷണിക്കും. ഈ മാസം 20ന് പമ്പാ മണപ്പുറത്താണ് അയ്യപ്പ സംഗമം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 3000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.