...
Home News International ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യത്ത് കൂടി കമ്യൂണിസ്റ്റ് – മാർക്സിസ്റ്റ് പാർട്ടി അധികാരത്തിലേക്ക് വരുന്നു

ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യത്ത് കൂടി കമ്യൂണിസ്റ്റ് – മാർക്സിസ്റ്റ് പാർട്ടി അധികാരത്തിലേക്ക് വരുന്നു

406

| ശ്രീകാന്ത് പികെ

‘കമ്യൂണിസ്റ്റ് റെജീമുകൾ കൊന്ന’ എന്ന പേരിൽ ഓരോ കൊല്ലവും ഓരോ മില്യൺ കൂട്ടി കൊണ്ട് പ്രചരിപ്പിക്കുന്ന കണക്കുകൾ കേൾക്കാത്തവർ ആരുമുണ്ടാകില്ല. കമ്യൂണിസം പരാജയപ്പെട്ട വ്യവസ്ഥിതിയാണെന്ന് വായ്‌ത്താളം ചൊല്ലാത്ത കമ്യൂണിസ്റ്റ് വിരുദ്ധരും അധികമുണ്ടാകില്ല. എന്നാൽ കാപ്പിറ്റലിസ്റ്റ് സാമ്രാജ്യത്വം കൊന്നൊടുക്കിയ സാധാരണ ജനങ്ങളെ പോട്ടെ, കമ്യൂണിസ്റ്റുകാരുടെ കണക്കുകളെങ്കിലും ആരെങ്കിലും തമാശക്ക് പോലും ഉദ്ധരിക്കുന്നത് കേട്ടിട്ടുണ്ടോ?

ലോകത്താകമാനം സോഷ്യലിസ്റ്റ് ഭരണം അധികാരത്തിൽ വരുന്ന രാജ്യങ്ങളിൽ തീവ്രവാദ – വിഘടന വാദ ഗ്രൂപ്പുകളെ വളർത്തി പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര കലാപം സ്പോൺസർ ചെയ്യുക, ട്രൂപ്പിനെ അയക്കുക തുടങ്ങിയ സ്ഥിരം അമേരിക്കൻ കലാപരിപാടികൾ അല്ലാതെ തന്നെ സായുധമായി നേരിട്ട് തന്നെ കമ്യൂണിസ്റ്റുകളെ കൊന്നൊടുക്കിയ കണക്കുകൾ.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭരണേതര കമ്യൂണിസ്റ്റ് പാർടിയായാണ് പി കെ ഐ എന്ന ഇന്തോനേഷ്യയിലെ കമ്യൂണിസ്റ്റ് പാർടി അറിയപ്പെട്ടിരുന്നത്. 1965-ൽ പാർടിയുടെ ഉന്മൂലനത്തിന്മുൻപ് രണ്ട് മില്യണിലധികം അംഗങ്ങളുമായി രാജ്യത്തെ സുപ്രധാന പാർടിയായിരുന്നു ഇന്തോനേഷ്യൻ കമ്യൂണിസ്റ്റ് പാർടി. ആന്റി കമ്യൂണിസ്റ്റ് പർജിന്റെ ഭാഗമായി കൊന്ന് കൊന്ന് ഇല്ലാതാക്കിയതാണ്. പ്രാദേശിക പാർടി നേതാക്കളെ പോലും ലിസ്റ്റ് ചെയ്ത് വീടിന്റെ കോളിങ്ങ് ബെൽ അടിച്ച് വാതിൽ തുറക്കുമ്പോൾ ഫോട്ടോയുമായി ഒത്തു നോക്കി വീട്ടിൽ കയറി എല്ലാവരെയും വെടി വച്ച് കൊന്ന് പോകുന്ന തരം കൊടും ക്രൂരതയിലൂടെ ഇല്ലാതാക്കിയത്.

രണ്ടാം ലോക യുദ്ധത്തിന് ശേഷം സ്വതന്ത്രമാക്കപ്പെട്ട കോളനി രാജ്യങ്ങളിലൊക്കെ സോവിയറ്റ് സ്വാധീനത്താൽ പടർന്ന് പിടിക്കുന്ന ചുവപ്പിനെ സാമ്രാജ്യത്വം നേരിട്ടത് കമ്യൂണിസ്റ്റ് – വർക്കേഴ്സ് മൂവ്‌വെമന്റുകളെ അടിച്ചമർത്തിയും, കൊന്നൊടുക്കിയും തന്നെയാണ്. ലാറ്റിൻ അമേരിക്കയിൽ, ആഫ്രിക്കയിൽ, മിഡിൽ ഈസ്റ്റിൽ, അറേബ്യൻ രാജ്യങ്ങളിൽ, കിഴക്കനേഷ്യയിൽ എന്ന് വേണ്ട ലോകത്തിലെ ഏതാണ്ട് എല്ലാ മൂലയിലേയും കമ്യൂണിസ്റ്റ് – പ്രോഗ്രസീവ് – തൊഴിലാളി മൂവ്മെന്റുകളെ കൊന്ന് കൊന്ന് ഇല്ലാതാക്കി.

അത്തരം ക്രൂരമായ അടിച്ചമർത്തലുകൾ നേരിട്ട പാർടിയാണ് ശ്രീലങ്കയിലെ ജനതാ വിമുക്‌തി പെരമുന (JVP) എന്ന മാർക്‌സിസ്‌റ്റ്‌ – ലെനിനിസ്‌റ്റ്‌ പാർട്ടി. പാർടിയുടെ പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷം പേരെയും ജയവർദ്ധനയുടെ കാലത്ത് കൊന്നൊടുക്കി. ജെവിപി നേതാക്കൾ ആ കാലത്ത് കേരളത്തിലടക്കം ഒളിവിൽ കഴിഞ്ഞു. പാർടി പ്രവർത്തകർ ഭരണകൂടം സ്പോൺസർ ചെയ്ത ക്രൂരമായ വേട്ടയാടലുകൾക്ക് വിധേയമായി. അങ്ങനെ കൊന്നൊടുക്കപ്പെട്ട – അടിച്ചമർത്തപ്പെട്ട ആ കമ്യൂണിസ്റ്റ് പാർടിയുടെ നേതാവായ ഒരു മാർക്സിസ്റ്റാണ് ഇന്ന് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

തേനും പാലും ഒഴുക്കുമെന്ന് അവകാശപ്പെടുന്ന ഐ എംഎഫ് സ്പോൺസേർഡ് നിയോലിബറൽ പോളിസികൾക്കെതിരെയും, അഴിമതി മൂടിയ കുടുംബ ഭരണത്തിനെതിരെയും , കുത്തഴിഞ്ഞ സാമ്പത്തിക നയങ്ങൾക്കുമെതിരെ ശ്രീലങ്ക ജനകീയ കലാപത്തിലേക്ക് വഴി മാറുകയും പാർലിമെന്റ് കൈയ്യേറുകയും ചെയ്ത ശേഷം നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ തന്നെ ജനങ്ങൾ അനുര കുമാര ദിസനായകെയുടേയും ജെ.വി.പിയുടേയും സോഷ്യലിസ്റ്റ് നയങ്ങൾക്കനുകൂലമായി വോട്ട് ചെയ്തിരിക്കുന്നു.

കൊമ്രേഡ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അധികാരമേൽക്കും. ചരിത്രം സൃഷ്ടിച്ചു കൊണ്ട് ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യത്ത് കൂടി കമ്യൂണിസ്റ്റ് – മാർക്സിസ്റ്റ് പാർടി അധികാരത്തിലേക്ക് വരുന്നു. നാളെ മുതൽ സി ഐ എ സ്പോൺസേർഡ് കലാ പരിപാടികൾ അരങ്ങേറാൻ പോകുന്ന മണ്ണാകും ശ്രീലങ്ക. ആ അട്ടിമറി ശ്രമങ്ങളെ കൂടെ അതിജീവിക്കാനുള്ള കരുത്ത് ജെവിപി ക്കും എൻ.പി.പിക്കുമുണ്ടാകട്ടെ.

എത്ര അടിച്ചർത്തപ്പെട്ടാലും കൂട്ടക്കൊല നടത്തി ഇല്ലാതാക്കിയാലും ഒരാളെങ്കിലും പാർടിയായി അവശേഷിക്കുന്നിടത്ത്, അടിസ്ഥാന ജനതയുടെ പ്രശ്നങ്ങൾ ചർച്ചയാകുന്ന കാലത്ത്, കമ്യൂണിസ്റ്റ് പാർടി ഉയർത്തെഴുന്നേൽക്കും എന്നത് കൂടി ജെ.വി.പി തെളിയിച്ചു തരുന്നുണ്ട്. ത്രിപുരയിൽ അക്രമം പേടിച്ച് നിങ്ങൾ കാട്ടിൽ പോയൊളിച്ചില്ലേ, ബംഗാളിലെ നേതാക്കൾ കേരളത്തിൽ പൊറോട്ടയടിക്കാൻ വന്നില്ലേ എന്ന പരിഹാസക്കാർക്ക് കൂടിയുള്ള ഉത്തരമാണ്. ഇന്ത്യയും വിശപ്പിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കാലത്ത് ഇതേ പരിഹാസക്കാർ തന്നെ ചെങ്കൊടി പിടിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.