നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിനെതിരെ വിമർശനവുമായി നടൻ മുകേഷ് ഖന്ന. ചിത്രത്തിന്റെ വൻ നിർമാണച്ചെലവും സാങ്കേതിക മികവും മാത്രം പോരെന്നും രാമായണത്തിന്റെ യഥാർഥ സത്തയും വൈകാരികതയും ആധികാരികതയും സിനിമയിൽ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രൺബീർ കപൂർ ശ്രീരാമനായി എത്തുന്ന ചിത്രത്തിലെ കഥാപാത്രാവിഷ്കാരത്തിലും ഖന്ന അതൃപ്തി പ്രകടിപ്പിച്ചു.
ചിത്രത്തിന്റെ നിർമാണത്തിനായി അണിയറ പ്രവർത്തകർ നടത്തുന്ന വലിയ പരിശ്രമത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും വാണിജ്യവിജയവും ആഡംബരവും ഇതിഹാസത്തിന്റെ യഥാർഥ മൂല്യങ്ങൾക്ക് പകരമാകില്ലെന്നാണ് ഖന്നയുടെ നിലപാട്. സിനിമ എത്ര കോടി രൂപ നേടുന്നു എന്നതിലല്ല, രാമായണത്തിന്റെ സത്യത്തോട് എത്രത്തോളം നീതി പുലർത്തുന്നു എന്നതിലാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
‘4,000 കോടി ചെലവഴിച്ചാൽ കഥ മികച്ചതാകില്ല’
രാമായണം സാധാരണ സിനിമാക്കഥയല്ലെന്നും സിനിമാറ്റിക് സൗകര്യങ്ങൾക്കായി അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്താൻ പാടില്ലെന്നും മുകേഷ് ഖന്ന അഭിപ്രായപ്പെട്ടു.
നിർമാണത്തിനായി 4,000 കോടി രൂപ ചെലവഴിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളെയും അദ്ദേഹം ചോദ്യം ചെയ്തു. പ്രേക്ഷകരെ ആകർഷിക്കാൻ ഇത്രയും വലിയ ബജറ്റ് ആവശ്യമുള്ള വിരസമായ കഥയല്ല രാമായണമെന്നും അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ നൂറ് വർഷത്തിനിടെ ഇതുപോലൊരു സിനിമ നിർമിച്ചിട്ടില്ലെന്ന് സിനിമാ മേഖലയിലെ പ്രമുഖനായ ഒരാൾ പറഞ്ഞിരുന്നു. ചിത്രം മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ആയിരം കോടി സമ്പാദിച്ചോ എന്നതല്ല പ്രശ്നം. ഇതിഹാസത്തിലെ സത്യത്തിന്റെ ഒരു അംശമെങ്കിലും മറച്ചുവെച്ചിട്ടുണ്ടോ, അതോ അതിൽ തെറ്റായ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനം,” ഖന്ന പറഞ്ഞു.
4,000 കോടി രൂപ ചെലവഴിച്ചിട്ടും കഥയുടെ വൈകാരികതയും ആഴവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പണം പാഴാക്കലാണെന്നും അദ്ദേഹം വിമർശിച്ചു.
രൺബീർ കപൂറിന്റെ ശ്രീരാമൻ വേഷത്തിലും അതൃപ്തി
ചിത്രത്തിൽ ശ്രീരാമനായി എത്തുന്ന രൺബീർ കപൂറിന്റെ പ്രകടനത്തെ കുറിച്ചും മുകേഷ് ഖന്ന അഭിപ്രായം പങ്കുവെച്ചു. രൺബീർ മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ടെന്ന് സമ്മതിച്ചെങ്കിലും അദ്ദേഹത്തിന്റെ ശരീരഭാഷയും സംസാരശൈലിയും ശ്രീരാമന്റെ പരമ്പരാഗത വ്യക്തിത്വവുമായി പൂർണമായി യോജിക്കുന്നില്ലെന്നാണ് ഖന്നയുടെ വിലയിരുത്തൽ.
ശാന്തതയും ഗാംഭീര്യവും നിറഞ്ഞ ശ്രീരാമനേക്കാൾ ഒരു സാധാരണ ഹിന്ദി സിനിമയിലെ യോദ്ധാവിനെപ്പോലെയാണ് രൺബീർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
“പ്രേക്ഷകർ രൺബീറിനെ കാണുമ്പോൾ രാമനെയാണ് കാണുന്നതെന്ന് എനിക്ക് തോന്നിയില്ല. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നാൽ ഒരു ഹിന്ദി സിനിമയിലെ നായകനെപ്പോലെ പോരാടുന്നതായാണ് തോന്നുന്നത്. രാമന്റെ വേഷം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ രൂപത്തിലും സംസാരത്തിലും പെരുമാറ്റത്തിലും രാമന്റെ വ്യക്തിത്വം പ്രതിഫലിക്കണം. ഇവിടെ ഒരു യോദ്ധാവിന്റെ ശൈലിയാണ് കാണുന്നത്,” ഖന്ന പറഞ്ഞു.
‘രാമൻ ഒരു യോദ്ധാവ് മാത്രമായിരുന്നില്ല’
രാമായണത്തിലെ ശ്രീരാമന്റെ വ്യക്തിത്വം വിശദീകരിച്ച ഖന്ന, അദ്ദേഹം വെറുമൊരു യോദ്ധാവായിരുന്നില്ലെന്നും ‘മര്യാദ പുരുഷോത്തമൻ’ എന്ന വിശേഷണത്തിന് അർഹനായ വ്യക്തിത്വമായിരുന്നുവെന്നും ഓർമിപ്പിച്ചു.
ശ്രീരാമന്റെ സ്വഭാവത്തിൽ ശാന്തതയ്ക്കും പക്വതയ്ക്കും വലിയ സ്ഥാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാരത്തിലും പെരുമാറ്റത്തിലും ആ ഗുണങ്ങൾ പ്രകടമായിരുന്നു. ഈ വ്യക്തിത്വം അവതരിപ്പിക്കുന്നതിൽ നടൻ അരുൺ ഗോവിൽ വിജയിച്ചിരുന്നുവെന്നും ഖന്ന ചൂണ്ടിക്കാട്ടി.
രാമാനന്ദ് സാഗറിന്റെ പ്രശസ്ത ടെലിവിഷൻ പരമ്പരയായ ‘രാമായണ’ത്തിൽ അരുൺ ഗോവിൽ അവതരിപ്പിച്ച ശ്രീരാമന്റെ കഥാപാത്രത്തെയാണ് അദ്ദേഹം ഉദാഹരണമായി എടുത്തത്.
അരുൺ ഗോവിൽ പുഞ്ചിരിയോടെയും ശാന്തതയോടെയുമാണ് രാമനെ അവതരിപ്പിച്ചതെന്നും കഥാപാത്രത്തിന്റെ അന്തസ്സും വ്യക്തിത്വവും അദ്ദേഹം കൃത്യമായി ഉൾക്കൊണ്ടിരുന്നുവെന്നും ഖന്ന അഭിപ്രായപ്പെട്ടു.
വൻ ബജറ്റിലും അത്യാധുനിക സാങ്കേതികവിദ്യയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാമായണത്തിന്റെ ആത്മാവും വിശ്വാസപരമായ പ്രാധാന്യവും സംരക്ഷിക്കണമെന്ന സന്ദേശമാണ് മുകേഷ് ഖന്നയുടെ വിമർശനങ്ങളിലൂടെ ഉയരുന്നത്.


