കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ധർമ്മസ്ഥലയിൽ ഒന്നിലധികം കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, ശവസംസ്‌കാരങ്ങൾ എന്നിവ നടന്നിട്ടുണ്ടെന്ന് ആരോപിച്ച പരാതിക്കാരനെ ശനിയാഴ്‌ച ഈ കുറ്റങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) അതിൻ്റെ തലവൻ പ്രണബ് മൊഹന്തിയും പരാതിക്കാരനെ ചോദ്യം ചെയ്‌തു. വെള്ളിയാഴ്‌ച വൈകിട്ട് വരെ അയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
മൊഴികളിലും നൽകിയ രേഖകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്‌തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വിഷയത്തിൽ എസ്.ഐ.ടി അന്വേഷണം തുടരുകയാണ്.
പരാതിക്കാരനും സാക്ഷിയുമായ മുൻ ശുചിത്വ തൊഴിലാളി 1995നും 2014നും ഇടയിൽ ധർമ്മസ്ഥലയിൽ ജോലി ചെയ്‌തിരുന്നുവെന്നും സ്ത്രീകളുടെയും പ്രായപൂർത്തി ആകാത്തവരുടെയും ഉൾപ്പെടെ നിരവധി മൃതദേഹങ്ങൾ ധർമ്മസ്ഥലയിൽ തന്നെ സംസ്‌കരിക്കാൻ നിർബന്ധിച്ചുവെന്നും അവകാശപ്പെട്ടു.
ചില മൃതദേഹങ്ങളിൽ ലൈംഗികാ അതിക്രമത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് അദ്ദേഹം ഒരു മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.



