...
Home News National സമ്മതത്തോടെ ലൈംഗിക ബന്ധത്തിന് ശേഷം ‘വിവാഹ വാഗ്‌ദാനം’ നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കാനാകില്ല: കൊല്‍ക്കത്ത ഹൈക്കോടതി

സമ്മതത്തോടെ ലൈംഗിക ബന്ധത്തിന് ശേഷം ‘വിവാഹ വാഗ്‌ദാനം’ നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കാനാകില്ല: കൊല്‍ക്കത്ത ഹൈക്കോടതി

ഗര്‍ഭിണിയായതോടെ ഇയാള്‍ തന്നെ ഉപേക്ഷിച്ചെന്നും ഒടുവില്‍ താനൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും യുവതി

256

പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹ വാഗ്‌ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പേരില്‍ പുരുഷനെതിരെ പരാതി നല്‍കാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ജസ്റ്റിസ് അനന്യ ബന്ദോപധ്യായയുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2011 ജൂലൈ 12നാണ് വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിന് ബങ്കുരയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ഏഴ് വര്‍ഷം തടവ് വിധിച്ചത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീലുമായി എത്തിയത്. അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്‌തു.

2011ലാണ് 21കാരിയായ യുവതി ചാട്ട്‌ന പോലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ പരാതിയുമായി എത്തിയത്. പരാതി നല്‍കുന്ന സമയത്ത് യുവതി ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു. വിവാഹ വാഗ്‌ദാനം നല്‍കിയ യുവാവുമായി താന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും അതിൻ്റെ ഫലമായി താന്‍ ഗര്‍ഭിണി ആയെന്നുമാണ് യുവതി പരാതിയില്‍ ആരോപിച്ചത്.

ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഗര്‍ഭഛിദ്രം ചെയ്യാന്‍ യുവാവ് നിര്‍ബന്ധിച്ചുവെന്നും പിന്നീട് തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഗര്‍ഭിണിയായതോടെ ഇയാള്‍ തന്നെ ഉപേക്ഷിച്ചെന്നും ഒടുവില്‍ താനൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും യുവതി പറഞ്ഞു.

13 വര്‍ഷത്തിന് ശേഷം കേസ് പരിഗണിച്ച ഹൈക്കോടതി യുവാവിനെതിരെയുള്ള ബലാത്സംഗക്കുറ്റം നീക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അതിജീവിതയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നു. ഇത്തരം ബന്ധങ്ങളുടെ അനന്തരഫലത്തെ കുറിച്ച് യുവതി ബോധവതി ആയിരുന്നുവെന്നും കോടതി കണ്ടെത്തി.

വിവാഹം കഴിക്കാമെന്ന വാഗ്‌ദാനത്തിൻ്റെ പേരില്‍ ലൈംഗിക ബന്ധത്തിന് തയ്യാറാകാന്‍ പാടില്ലായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. പിന്നീട് വിവാഹ വാഗ്‌ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് പുരുഷനെ കുറ്റക്കാരനാക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കൂടാതെ കുഞ്ഞിൻ്റെ പിതൃത്വം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉഭയസമ്മത പ്രകാരമാണ് യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടതെന്ന് യുവതി തൻ്റെ പരാതിയില്‍ പറയുന്നുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാകില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.