Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ഡൽഹി പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥിയുടെ കാഴ്‌ച തിരിച്ചു കിട്ടുമോയെന്ന ആശങ്കയിൽ | Nalamidam
21 September 2026
Home News National ഡൽഹി പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥിയുടെ കാഴ്‌ച തിരിച്ചു കിട്ടുമോയെന്ന ആശങ്കയിൽ

ഡൽഹി പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥിയുടെ കാഴ്‌ച തിരിച്ചു കിട്ടുമോയെന്ന ആശങ്കയിൽ

വലതു കണ്ണിലൂടെ കാണാനാകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, "ഒന്നും കാണുന്നില്ല, ഇരുട്ട് മാത്രമാണ്" എന്നായിരുന്നു മറുപടി

200

ജൂലൈ 20ന് ഡൽഹിയിൽ നടന്ന സിജെപി (കോക്രോച്ച് ജനതാ പാർട്ടി)യുടെ ‘സൻസദ് ചലോ’ പ്രതിഷേധത്തിനിടെ പെല്ലറ്റ് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതായി ആരോപിക്കപ്പെടുന്ന 19-കാരൻ സാഹിൽ ലോച്ചബിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. എന്നാൽ വലതു കണ്ണിലെ കാഴ്‌ച പൂർണമായും നഷ്‌ടമായിരിക്കാമെന്ന ആശങ്ക ഇപ്പോഴും തുടരുകയാണ്.

സാഹിലിൻ്റെ അമ്മാവൻ അജയ് ദുഗ്ഗൽ പറയുന്നതനുസരിച്ച്, പരിക്കേറ്റതിന് പിന്നാലെ സാഹിലിനോട് വലതു കണ്ണിലൂടെ കാണാനാകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, “ഒന്നും കാണുന്നില്ല, ഇരുട്ട് മാത്രമാണ്” എന്നായിരുന്നു മറുപടി.

പരിക്കേറ്റ കണ്ണിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്യുന്നതിനും കേടുപാടുകൾ പരിഹരിക്കുന്നതിനുമായി ഒരു ശസ്ത്രക്രിയ ഇതിനകം നടത്തിയിട്ടുണ്ട്. കാഴ്‌ച വീണ്ടെടുക്കാനുള്ള സാധ്യത വിലയിരുത്താൻ മറ്റൊരു ശസ്ത്രക്രിയ കൂടി ആവശ്യമായേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

ആദ്യം കാഴ്‌ച തിരിച്ചുകിട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് അറിയിച്ചിരുന്നെങ്കിലും, പിന്നീട് നടത്തിയ പരിശോധനകളിൽ പ്രതീക്ഷ വർധിക്കുന്ന സൂചനകളുണ്ടെന്ന് കുടുംബം വ്യക്തമാക്കി. എന്നിരുന്നാലും, ഡോക്ടർമാർ കാഴ്‌ചയുടെ സാധ്യതയെ ഇപ്പോഴും “സംരക്ഷിതമായ പ്രവചനം” (Guarded Prognosis) എന്നാണ് വിലയിരുത്തുന്നത്.

ജൂലൈ 21ന് സാഹിലിനെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. അതിന് മുമ്പ് ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലും പിന്നീട് സഫ്‌ദർജംഗ് ആശുപത്രിയിലുമാണ് ചികിത്സ നൽകിയിരുന്നത്.

ഡോക്ടർമാരുടെ വിവരമനുസരിച്ച്, വലതു കണ്ണിൽ പെല്ലറ്റ് തുളച്ചുകയറി കോർണിയക്ക്‌ ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. കൂടാതെ മുഖം, കഴുത്ത്, നെഞ്ച്, വലതു തോൾ, കൈ എന്നിവിടങ്ങളിലും നിരവധി പെല്ലറ്റ് പരിക്കുകളുണ്ട്. ഒരു പെല്ലറ്റ് വലതു ശ്വാസകോശത്തിനും ഹൃദയത്തെ ചുറ്റിയുള്ള പെരികാർഡിയൽ കൊഴുപ്പിനും സമീപം കണ്ടെത്തിയതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഡൽഹി സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഓപ്പൺ ലേണിംഗിലെ വിദ്യാർഥിയായ സാഹിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ കോമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (SSC-CGL) പരീക്ഷക്ക് തയ്യാറെടുക്കുക ആയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാകുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്ന് കുടുംബം പറഞ്ഞു.

ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ നേരത്തെയും പങ്കെടുത്തിരുന്ന സാഹിൽ, ജൂലൈ 20-ലെ മാർച്ചിലും പങ്കെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. കുടുംബം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതിഷേധത്തിൽ പങ്കെടുക്കുക ആയിരുന്നുവെന്ന് അമ്മാവൻ പറഞ്ഞു.

സാഹിലിന് പരിക്കേറ്റ സംഭവം പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണത്തിന് വീണ്ടും വഴിവെച്ചിട്ടുണ്ട്. എന്നാൽ പ്രതിഷേധക്കാരെതിരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അന്ന് സുരക്ഷാ ചുമതല വഹിച്ച റാപ്പിഡ് ആക്ഷൻ ഫോഴ്‌സും സിആർപിഎഫും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, പ്രതിഷേധത്തിനിടെ ഗുരുതരമായി പരിക്കേറ്റത് സാഹിൽ മാത്രമല്ല. ഗുരുഗ്രാം സ്വദേശിയായ 25-കാരൻ ഷെയ്ഖ് മൻസൂരിക്കും മുഖത്തും ഇരുകണ്ണുകൾക്ക്‌ സമീപവും ഉൾപ്പെടെ ഏഴ് പെല്ലറ്റ് പരിക്കുകൾ ഏറ്റിട്ടുണ്ട്. അദ്ദേഹത്തിനും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. കൂടാതെ, തിക്കിലും തിരക്കിലുംപ്പെട്ട് ഗുരുതരമായി പരിക്കേറ്റ 21-കാരിയായ സാക്ഷി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്.