...
Home News International സംഘര്‍ഷഭരിതമായ പശ്ചിമേഷ്യ; ആഗോള ചരക്ക് വിതരണ ശൃംഖലകളെ പ്രതികൂലമായി ബാധിക്കുന്നു

സംഘര്‍ഷഭരിതമായ പശ്ചിമേഷ്യ; ആഗോള ചരക്ക് വിതരണ ശൃംഖലകളെ പ്രതികൂലമായി ബാധിക്കുന്നു

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ നീക്കം ഇറാന്‍ ഇടപ്പെട്ട് തടഞ്ഞതോടെ ചരക്ക് കപ്പലുകള്‍ ഗള്‍ഫ് തീരത്ത് കുടുങ്ങിക്കിടക്കുകയോ ആഫ്രിക്കയുടെ തെക്കന്‍ മുനമ്പ് വഴിയുള്ള പാതയിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കുകയോ ചെയ്യേണ്ട നിലയാണുള്ളത്.

145

ഇറാനെതിരെ ഇസ്രയേല്‍ – യുഎസ് സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ സംഘര്‍ഷഭരിതമായ പശ്ചിമേഷ്യന്‍ സാഹചര്യം ആഗോള ചരക്ക് വിതരണ ശൃംഖലകളെ പ്രതികൂലമായി ബാധിക്കുന്നു. ആഗോള എണ്ണ വിപണിയില്‍ ഇതിനോടകം വലിയ പ്രതിസന്ധിയുണ്ടാക്കിയ സംഘര്‍ഷം കപ്പല്‍, വ്യോമ ചരക്ക് ഗതാഗതത്തെയും ബാധിച്ചുതുടങ്ങി.

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ നീക്കം ഇറാന്‍ ഇടപ്പെട്ട് തടഞ്ഞതോടെ ചരക്ക് കപ്പലുകള്‍ ഗള്‍ഫ് തീരത്ത് കുടുങ്ങിക്കിടക്കുകയോ ആഫ്രിക്കയുടെ തെക്കന്‍ മുനമ്പ് വഴിയുള്ള പാതയിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കുകയോ ചെയ്യേണ്ട നിലയാണുള്ളത്. മിഡില്‍ ഈസ്റ്റുമായി ബന്ധപ്പെട്ടുള്ള വ്യോമ ചരക്ക് ഗതാതഗവും സ്തംഭനാവസ്ഥയിലാണ്. എണ്ണയ്ക്ക് പുറമെ ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍, ഏഷ്യയില്‍ നിന്നുള്ള സെമികണ്ടക്ടറുകള്‍, മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ക്രൂഡ് ഉപോത്പന്നങ്ങള്‍ എന്നിവയുടെ നീക്കത്തെ ഉള്‍പ്പെടെ സംഘര്‍ഷം ബാധിക്കുന്നു.

യുദ്ധം നീണ്ടാല്‍ വിവിധതരം സാധനങ്ങള്‍ക്ക് ക്ഷാമവും വില വര്‍ദ്ധനവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഈ മേഖലയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മേഖലയിലെ ഇന്‍ഷുറന്‍സ് നിരക്കുകള്‍ റദ്ദാക്കുന്നതിലേക്കും, തുക ഉയര്‍ത്താനും തുടങ്ങിയിട്ടുണ്ട്.

വ്യോമ ഗതാഗതത്തിലെ പ്രതിസന്ധി ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. മിഡില്‍ ഈസ്റ്റേണ്‍ എയര്‍പോര്‍ട്ട് ഹബ്ബുകളിലൂടെയുള്ള വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ക്കും യാത്രക്കാര്‍ക്കും ഏറെ പ്രധാനമാണ്. ആഗോളതലത്തില്‍ ചരക്കുകളുടെയും ഒരു ശതമാനത്തില്‍ താഴെയാണ് വിമാനമാര്‍ഗം ഉപയോഗിക്കുന്നത്. എന്നാല്‍ ഈ മാര്‍ഗത്തിലൂടെ കൈമാറ്റം ചെയ്യുന്നത് നശിക്കുന്നതോ ഉയര്‍ന്ന മൂല്യമുള്ളതോ ആയ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്‌സ്, ഉല്‍പന്നങ്ങള്‍ എന്നിവ പോലെയുള്ള വസ്തുക്കളാണ്. ഇത് ലോക വ്യാപാര മൂല്യത്തിന്റെ ഏകദേശം 35 ശതമാനത്തോളം വരുകയും ചെയ്യും.

മിഡില്‍ ഈസ്റ്റിലെ വിമാനത്താവളങ്ങള്‍ കൂടുതല്‍ കാലം അടച്ചിട്ടിരിക്കുമ്പോള്‍, ഇത്തരം സെന്‍സിറ്റീവ് ഷിപ്പ്മെന്റുകള്‍ നേരിടുന്ന പ്രതിസന്ധി സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചേയ്ക്കും. കുറഞ്ഞ പ്രവര്‍ത്തന ശേഷിയും, വര്‍ധിച്ച ആവശ്യം, സര്‍ചാര്‍ജുകള്‍ എന്നിവ എയര്‍ കാര്‍ഗോ ചെലവ് ഉയര്‍ത്തുമെന്ന മുന്നറിയിപ്പും ഈ മേഖലയിലെ വിദഗ്ധര്‍ നല്‍കുന്നു.

ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന ട്രംപിന്റെ പ്രഖ്യാപനം പ്രതിസന്ധി മുന്നില്‍ക്കണ്ടാണെന്നാണ് വിലയിരുത്തല്‍. ഇതിനായുള്ള കര്‍മ പദ്ധതിയും ട്രംപ് പ്രഖ്യാപിച്ചിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് വഴി എണ്ണയും മറ്റ് സാധനങ്ങളും കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് ‘ന്യായമായ വിലയ്ക്ക്’ രാഷ്ട്രീയ റിസ്‌ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

‘ അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍, സര്‍ക്കാര്‍ നടപടികള്‍ അല്ലെങ്കില്‍ അക്രമം എന്നിവ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു തരം കവറേജാണ് പൊളിറ്റിക്കല്‍ റിസ്‌ക് ഇന്‍ഷുറന്‍സ്. ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന എണ്ണ ടാങ്കറുകള്‍ക്ക് ആവശ്യമെങ്കില്‍ യുഎസ് നാവികസേന അകമ്പടി സേവിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.